മാണ്ഡ്യ: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ കാറ്റേരി ഗ്രാമത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ഹെഡ്മാസ്റ്ററെ സഹപാഠികളായ പെണ്‍കുട്ടികള്‍ ചൂലും വടിയും കൊണ്ട് അടിച്ചു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതലയുള്ള പ്രതി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സ്ഥാപനത്തിലെത്തി അവരെ മുറിയിലേക്ക് വിളിച്ചുവരുത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രധാനാധ്യാപകന് അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ഇതേ കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ പെണ്‍കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ മോശം സ്വഭാവമുള്ള പരാമര്‍ശം എഴുതുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി തങ്ങള്‍ ഇത് സഹിക്കുകയാണെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് പ്രധാനാധ്യാപകന് പെണ്‍കുട്ടിയെ ഹോസ്റ്റലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികളെത്തി ഹെഡ്മാസ്റ്ററെ ഓടിച്ചിട്ട് ചൂലും വടിയും ഉപയോഗിച്ച് അടിച്ചു. പിന്നീട് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഹോസ്റ്റലിനു സമീപം തടിച്ചുകൂടിയ നാട്ടുകാരും പ്രധാനാധ്യാപകനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.