തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസും ബിജെപിയും ഈ ഉത്തരവില്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു. പെന്ഷന് പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.
റിയാബ് ചെയര്മാന് തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെന്ഷന് പ്രായം. ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക. 29നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വ്വീസ് ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള കെഎസ്ഇബിയിലെയും കെഎസ്ആര്‍ടിസിയിലെയും വാട്ടര്‍ അതോറിറ്റിയിലെയും പെന്ഷന് പ്രായം കൂട്ടല്‍ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. കെഎസ്ബിയില്‍ യൂണിയനുകളുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വെച്ച ഒരു നിര്‍ദ്ദേശം പെന്ഷന് പ്രായം കൂട്ടാമെന്നായിരുന്നു.