തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന് സ്വീകരിക്കാത്ത അധ്യാപകര്‍ 1707 പേര്. ഇന്ന് രാവിലെ കണക്കുകള്‍ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകര്‍ക്ക് പുറമെ അനധ്യാപകരും ഇതില്‍പെടും. 1066 പേര് എല്‍.പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന് എടുത്തിട്ടില്ല. ഹയര്‍ സെക്കണ്ടറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സിനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കി വിദ്യഭ്യാസ മന്ത്രി പറഞ്ഞു. വി.എച്ച്.എസ്.ഇയില്‍ 229 അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല. എന്നാല്‍ ഈ വിഭാഗത്തില്‍ എല്ലാ അനധ്യാപകരും വാക്സീന് സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് വാക്സിനെടുക്കാത്ത അധ്യാപകര്‍ കൂടുതലുള്ളത്-201 പേര്. കുറവ് വയനാട് ജില്ലയിലും-29 പേര്. കാസര്‍കോട് ജില്ലയില്‍ 36 പേര് വാക്സിനെടുത്തിട്ടില്ല. വാക്സിനെടുക്കാത്ത അധ്യാപകരുടെ മറ്റു ജില്ലകളിലെ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-110, കൊല്ലം-90, പത്തനംതിട്ട-51, ആലപ്പുഴ-89, കോട്ടയം-74, ഇടുക്കി-43, എറണാകുളം-106, തൃശൂര്‍-124, പാലക്കാട്-61, കോഴിക്കോട്-151, കണ്ണൂര്‍-90.
കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീനേഷന് എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും പിന്നീട് വാക്സീന് എടുക്കാന്‍ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്സീന് എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്.ടി.പി.സി.ആര് റിസള്‍ട്ട് ഹാജരാക്കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.