മണല്‍ മാഫിയയെ തളക്കണം

ജില്ലയുടെ വടക്കേ അറ്റത്ത് ഗുണ്ടാവിളയാട്ടത്തിന് പുറമെ മണല്‍ മാഫിയകളുടെ വാഴ്ചയും ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയാണ്. പുഴകളില്‍ നിന്നും കടലോരങ്ങളില്‍ നിന്നും ലോഡ് കണക്കിന് പൂഴിയാണ് ഓരോ ദിവസവും കടത്തിക്കൊണ്ടു പോകുന്നത്. രാത്രിക്ക് രാത്രിയാണ് നിരവധി ലോറികളില്‍ പൂഴി കടത്തിക്കൊണ്ടുപോകുന്നത്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഇവരെ വലയിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണവര്‍ പൂഴി കടത്തിക്കൊണ്ടുപോകുന്നത്. പൂഴി വാരുന്ന തോണിയടക്കം പല തവണ പിടികൂടി നശിപ്പിച്ചെങ്കിലും പൂഴി മാഫിയ മണല്‍ കടത്തില്‍ നിന്ന് പിന്മാറിയില്ല. മഞ്ചേശ്വരം പഞ്ചായത്തില്‍ […]

ജില്ലയുടെ വടക്കേ അറ്റത്ത് ഗുണ്ടാവിളയാട്ടത്തിന് പുറമെ മണല്‍ മാഫിയകളുടെ വാഴ്ചയും ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയാണ്. പുഴകളില്‍ നിന്നും കടലോരങ്ങളില്‍ നിന്നും ലോഡ് കണക്കിന് പൂഴിയാണ് ഓരോ ദിവസവും കടത്തിക്കൊണ്ടു പോകുന്നത്. രാത്രിക്ക് രാത്രിയാണ് നിരവധി ലോറികളില്‍ പൂഴി കടത്തിക്കൊണ്ടുപോകുന്നത്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഇവരെ വലയിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണവര്‍ പൂഴി കടത്തിക്കൊണ്ടുപോകുന്നത്. പൂഴി വാരുന്ന തോണിയടക്കം പല തവണ പിടികൂടി നശിപ്പിച്ചെങ്കിലും പൂഴി മാഫിയ മണല്‍ കടത്തില്‍ നിന്ന് പിന്മാറിയില്ല. മഞ്ചേശ്വരം പഞ്ചായത്തില്‍ കടലോര പ്രദേശത്ത് രണ്ട് മീറ്ററോളം ആഴത്തിലാണത്രെ പൂഴിവാരി കുഴിയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ സംഘടിച്ച് മണല്‍ കടത്തുന്ന ലോറി പിടികൂടിയിരുന്നു. 300 ലേറെ വീടുകളിലായി ആയിരത്തിലേറെ പേര്‍ താമസിക്കുന്ന സ്ഥലമാണിത്. ഒറ്റനീളത്തിലെടുത്താല്‍ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാലാണ് ആഴത്തില്‍ കുഴിയെടുത്ത് പൂഴി കടത്തുന്നത്. ഈ കുഴികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുകയാണ്. വലിയ അപകടമാണ് ഇതുണ്ടാക്കുക. ഉദ്യാവര, ഹൊസബെട്ടു വില്ലേജുകളില്‍പ്പെടുന്നതാണീ പ്രദേശങ്ങള്‍. 15 മീറ്ററോളം നീളത്തിലുള്ളതാണീ കടല്‍ത്തീരം. മഴവെള്ളത്തിന് പുറമെ ഈ കുഴികളിലേക്ക് കടല്‍ വെള്ളവും അടിച്ചുകയറുന്നുണ്ട്. പൂഴി നഷ്ടമായതോടെ കടല്‍ കരയിലേക്ക് കയറി ജനവാസ കേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ജനങ്ങള്‍ സംഘടിച്ച് പൂഴി വണ്ടികള്‍ തടയാന്‍ തുടങ്ങിയത്. പൂഴിയെടുത്ത കുഴികളില്‍ കടലില്‍ നിന്നുള്ള മാലിന്യങ്ങളും നിറയുന്നുണ്ട്. ഈ ഭാഗത്ത് വലിയ മണല്‍ത്തിട്ടകള്‍ ഉണ്ടായിരുന്നു. കടല്‍ കരയിലേക്ക് എത്തിയതോടെ മണല്‍തിട്ടയും കടലെടുത്തുകഴിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി ഈ ഭാഗത്തു നിന്ന് മണലെടുത്തു തുടങ്ങിയിട്ട്. നാട്ടുകാര്‍ പൊലീസില്‍ പല തവണ പരാതി നല്‍കിയിട്ടും കര്‍ശനമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി കാലത്താണ് വന്‍ തോതില്‍ പൂഴിക്കടത്ത് നടക്കുന്നത്. രാത്രിയിലെ പൊലീസ് പട്രോള്‍ ശക്തമാക്കിയാലേ മണല്‍ മാഫിയയെ പിന്തിരിപ്പിക്കാനാവൂ. കടപ്പുറത്ത് കുട്ടികള്‍ കളിക്കുമ്പോള്‍ വെള്ളക്കെട്ടുള്ള കുഴികള്‍ അപകടമുണ്ടാക്കും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മണല്‍ കയറ്റാന്‍ സൗകര്യത്തില്‍ പതിനഞ്ചോളം ഇടങ്ങളാണ് മണല്‍ കടത്ത് സംഘം സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിലേക്ക് മണല്‍ കയറ്റാനായി കടല്‍ ഭിത്തിക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ നിറച്ചാണ് പ്രത്യേക വഴി ഉണ്ടാക്കിയിരിക്കുന്നത്. മീന്‍ സൂക്ഷിക്കുന്ന പെട്ടിയില്‍ മണല്‍ നിറച്ചാണ് ലോറിയില്‍ കയറ്റുന്നത്. ഇരുട്ടിന്റെ മറ കിട്ടാന്‍ ഈ ഭാഗങ്ങളിലുള്ള തെരുവ് വിളക്കുകളെല്ലാം മണല്‍ മാഫിയ എറിഞ്ഞുടച്ചിരിക്കുകയാണ്. ആറ് സംഘങ്ങളാണ് ഇവിടെ കേന്ദ്രീകരിച്ച് മണല്‍ കടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസം ഒരു സംഘം 20 ലോഡ് മണല്‍ കടത്തുന്നുവെന്നറിയുമ്പോഴേ ഇതിന്റെ വ്യാപ്തി എത്രയുണ്ടെന്നറിയൂ. രാത്രി 12 മണിയോടെ തുടങ്ങുന്ന മണല്‍ കടത്ത് പുലര്‍ച്ചെ അഞ്ച് മണിവരെ നീളും. പൊലീസ് പേരിനൊരു പട്രോളിംഗ് നടത്തിപോവുമെന്നത് മണല്‍ മാഫിയക്ക് നന്നായറിയാം. അഞ്ചര, കണ്വതീര്‍ത്ഥ, കുണ്ടുകൊളക്ക, ചര്‍ച്ച് ബീച്ച് എന്നിവിടങ്ങളിലായി നാല് റോഡുകള്‍ വഴി മണല്‍ കടത്ത് സംഘത്തിന് ദേശീയപാതയിലെത്താം. മണല്‍മാഫിയ സംഘത്തെ നിലക്ക് നിര്‍ത്താന്‍ റവന്യൂ അധികൃതരുടെയും പൊലീസിന്റെയും ഭാഗത്ത് നിന്നും കര്‍ശനമായ നടപടിയുണ്ടാവണം. പരിസ്ഥിതിക്ക് നാശം വരുത്തുന്ന ക്വാറി മാഫിയകള്‍ ഒരു ഭാഗത്തും മണല്‍ മാഫിയ മറ്റൊരു ഭാഗത്തുമായി ജനങ്ങളുടെ സൈ്വരം കെടുത്തിക്കൊണ്ടിരിക്കയാണ്.

Related Articles
Next Story
Share it