സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് വരെ അവരാണ് ഭരണം നിര്‍വ്വഹിക്കുക. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും മാത്രം നടത്താനേ ഇവര്‍ക്ക് അധികാരമുള്ളുവെങ്കിലും നേരത്തെ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ടെണ്ടര്‍ കൊടുത്ത് പണി തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇതൊക്കെ ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്നവയാണ്. മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട പദ്ധതികളാണിവ. ടെണ്ടര്‍ നല്കി തീരുമാനിച്ച പണി ആയതിനാല്‍ ഇവ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മേല്‍നോട്ടം വഹിക്കാനും പണി പൂര്‍ത്തിയാക്കാനും കഴിയും. റോഡ്, പാലങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെയൊക്കെ ജോലി മിക്കയിടങ്ങളിലും നടന്നുവരുന്നുണ്ട്. ക്രിസ്തുമസിന് മുമ്പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും. ജില്ലാ പഞ്ചായത്തുകളില്‍ കലക്ടര്‍മാര്‍ക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ സെക്രട്ടറിമാര്‍ക്കുമാണ് ഭരണ നിര്‍വ്വഹണ ചുമതല. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കുന്നതോടെ ഒരു മാസം നീളുന്ന പ്രക്രിയക്ക് തുടക്കമാവുകയാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും നടക്കുന്ന വോട്ടെടുപ്പിനേക്കാളും പ്രാദേശികമായി വൈകാരിക അടുപ്പമുണ്ടെന്നതാണ് ത്രിതല പഞ്ചായത്ത് നഗരസഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷത. രാഷ്ട്രീയത്തിനതീതമായി പ്രാദേശിക ഭരണസമിതികളെ തിരഞ്ഞെടുക്കുന്നതില്‍ മറ്റ് പരിഗണനകള്‍ കൂടിയുണ്ട്. പ്രാദേശിക വികസനം തന്നെയാണ് മുഖ്യം. പ്രാദേശിക ഭരണം വരുമ്പോള്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിന്റെ മാത്രം വേദിയാകരുത്. ഗ്രാമസഭയും വാര്‍ഡ് സഭയുമൊക്കെയുള്ളതിനാല് ഇവിടെ ജനങ്ങള്‍ക്കും നേരിട്ട് അഭിപ്രായം പറയാന്‍ അവസരം ലഭിക്കുന്നുണ്ട്. എന്നാലും ചില തദ്ദേശസ്ഥാപനങ്ങളില്‍ ഗ്രാമസഭയും വാര്‍ഡ് സഭയും പേരിന് മാത്രമായി ചേരുന്നത് അഭികാമ്യമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണസമിതികളുടെ പ്രവര്‍ത്തനത്തിന്റെ ഒരു വിലയിരുത്തല്‍ കൂടിയാവും വരുന്ന തിരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്തിലേയോ നഗരസഭയിലേയോ അംഗത്വമെന്നത് വലിയ ഉത്തരവാദിത്വമാണ്. മുഴുവന്‍ സമയ പ്രവര്‍ത്തനവും ഈ രംഗത്ത് കേന്ദ്രീകരിക്കാനാവും.
ജനപ്രതിനിധികളില്‍ പകുതിയിലും സ്ത്രീകളാണ്. താഴേത്തട്ടില്‍ ഊര്‍ജ്ജസ്വലരായ പുതിയ പ്രവര്‍ത്തകര്‍ വന്നാലേ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനാവു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഇഴയടുപ്പമുണ്ടാകേണ്ട പ്രാദേശിക ഭരണം കേവലം ഉദ്യോഗസ്ഥ നേതൃത്വത്തില്‍ കൂടുതല്‍ കാലം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നത് കൊണ്ടാണ് കോവിഡ് വ്യാപനമുണ്ടായിട്ടും സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ഇലക്ഷന് നടത്താന്‍ മുന്നിട്ടിറങ്ങിയത്. കോവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ സഹകരണവും ഉണ്ടാവേണ്ടതുണ്ട്.