കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. നെല്ലിക്കട്ട നാരമ്പാടിയിലെ പി. മുഹമ്മദ് ആസിഫ് (27) ആണ് അറസ്റ്റിലായത്. ചൗക്കി ആസാദ് നഗറിലെ കെ.എ അഹമദ് നിയാസിനെ കഴിഞ്ഞ മാസം 22ന് രാവിലെ കാറില്‍ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി 12,000 രൂപയും എ.ടി.എം കാര്‍ഡും പിന്നീട് വീട്ടില്‍ വെച്ച് 15,000 രൂപയും ഒമ്പത് ഗ്രാം സ്വര്‍ണ്ണവും തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ആന്റി ഗുണ്ടാ സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.