കോസ്റ്ററിക്കക്കെതിരെ ഗോള്‍ മഴയുമായി സ്‌പെയിന്‍; കാനഡയെ കീഴടക്കി ബല്‍ജിയം

ദോഹ: ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഏഴഴകോടെ ഗോള്‍ വര്‍ഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് പട കോസ്റ്ററിക്കക്കെതിരെ ആറാടുകയായിരുന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ കോസ്റ്ററിക്കയുടെ വലയില്‍ ഏഴ് തവണയാണ് സ്‌പെയിന്‍ ഗോള്‍ നിറച്ചത്.ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും (31 പെനല്‍റ്റി, 54), ഡാനി ഓല്‍മോ (11), മാര്‍ക്കോ അസെന്‍സിയോ (21), ഗാവി (74), കാര്‍ലോസ് സോളര്‍ (90), അല്‍വാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റന്‍ […]

ദോഹ: ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഏഴഴകോടെ ഗോള്‍ വര്‍ഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് പട കോസ്റ്ററിക്കക്കെതിരെ ആറാടുകയായിരുന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ കോസ്റ്ററിക്കയുടെ വലയില്‍ ഏഴ് തവണയാണ് സ്‌പെയിന്‍ ഗോള്‍ നിറച്ചത്.
ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും (31 പെനല്‍റ്റി, 54), ഡാനി ഓല്‍മോ (11), മാര്‍ക്കോ അസെന്‍സിയോ (21), ഗാവി (74), കാര്‍ലോസ് സോളര്‍ (90), അല്‍വാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റന്‍ വിജയമൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് ഇയില്‍ മൂന്നു പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച ജപ്പാനാണ് രണ്ടാമത്. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇനി ജര്‍മ്മനിക്കെതിരെയാണ് സ്‌പെയിന്റെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് കാനഡയെ ബല്‍ജിയം കീഴടക്കി. 43-ാം മിനിറ്റില്‍ മിച്ചി ബത്ഷ്വായാണ് ബല്‍ജിയത്തിനായി ഗോള്‍ നേടിയത്.
രണ്ടു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ച കളിയില്‍ വല കുലുങ്ങിയത് ഒരുവട്ടം മാത്രം. തുടക്കം മുതല്‍ ഇരു ടീമുകളും മത്സരിച്ച് കളിച്ച ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ഗോള്‍. ടോബി അല്‍ഡര്‍വെയ്ല്‍ഡ് നല്‍കിയ പാസില്‍ തടുക്കാനെത്തിയ കാനഡ പ്രതിരോധ താരങ്ങളെ മറികടന്നായിരുന്നു ബല്‍ജിയം താരം ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്‌ട്രൈക്കര്‍ അല്‍ഫോന്‍സോ ഡേവിസ് പാഴാക്കി കളഞ്ഞത് കാനഡയ്ക്കു തിരിച്ചടിയായി.
ഇന്ന് സ്വിറ്റ്‌സര്‍ലാന്റ് കാമറൂണിനെയും (3.30) യുറഗ്വായ് ദക്ഷിണ കൊറിയയെയും (6.30) പോര്‍ച്ചുഗല്‍ ഘാനയെയും (9.30) ബ്രസീല്‍ സെര്‍ബിയയെയും (12.30) നേരിടും.

Related Articles
Next Story
Share it