കാഞ്ഞങ്ങാട്: കരയോട് ചേര്‍ന്നുള്ള മത്സ്യ ബന്ധനത്തിനിടയില്‍ ബോട്ട് തിരമാലകളില്‍ പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് കരയിലേക്ക് ഇരച്ചുകയറി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടുകൂടി അജാനൂര്‍ കടപ്പുറത്താണ് സംഭവം. മടക്കര സ്വദേശി സ്രാങ്ക് അബ്ദുള്ളയുടെ ഫാത്തിമ എന്ന ബോട്ടാണ് കടലില്‍ നിന്നും നിയന്ത്രണം വിട്ട് കരയിലേക്കൊഴുകിയെത്തിയത്. തീരത്തെ മണലില്‍ ആഴ്ന്നു പോയി. നിയമം ലംഘിച്ചുള്ള മത്സ്യ ബന്ധനമായതിനാല് അപകട വിവരം നാട്ടുകാര്‍ അറിയാതിരിക്കുവാന്‍ ബോട്ടിലെ വിളക്കുകള്‍ അണച്ച് ജീവനക്കാര്‍ ബോട്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശബ്ദം കേട്ട് വിവരം അറിഞ്ഞ നാട്ടുകാരും സ്ഥലത്തെത്തി. പിന്നിട് മത്സ്യ തൊഴിലാളികളും മറ്റു ബോട്ടുകളിലെ ജീവനക്കാരും ചേര്‍ന്ന് ബോട്ടിനെ മറ്റു ബോട്ടുകളുടെ സഹായത്തോടെ കെട്ടിവലിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കടലിലേക്ക് തിരികെ കൊണ്ടുപോയി.
കരയോടെ ചേര്‍ന്ന് മത്സ്യ ബന്ധനം നടത്തുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കു മീന്‍ കിട്ടാതെ വരുന്നുണ്ട്. ദൂരപരിധി നിയമം ലംഘിച്ചാണ് മിക്ക ബോട്ടുകളും മത്സ്യബന്ധനം നടത്തുന്നത്. അപകട സമയത്ത് തന്നെ ഈ പ്രദേശങ്ങളില്‍ 37 ബോട്ടുകളാണ് നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.