കാസര്‍കോട്: ഭൂഗര്‍ഭ ജലനിരപ്പ് അപായനിലയിലെത്തിയ കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍ പരമാവധി ഒമ്പത് മീറ്റര്‍ വരെയും കുഴല്‍ക്കിണറുകളില്‍ പരമാവധി ആറ് മീറ്റര്‍ വരെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കാറഡുക്കയില്‍ മൂന്ന് മീറ്റര്‍ വരെയും കാഞ്ഞങ്ങാട് അഞ്ച് മീറ്റര്‍, നീലേശ്വരം 6.5, കാസര്‍കോട് ഏഴ്, പരപ്പ നാല് മീറ്റര്‍ വരെയുമാണ് കിണറുകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കുഴല്‍ക്കിണറുകളിലും ആനുപാതികമായി ജലനിരപ്പ് ഉയര്‍ന്നു.
ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ചെറുതടയണകളുടെ നിര്‍മ്മാണം, പള്ളങ്ങള്‍ വീണ്ടെടുക്കല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങിയ ജലസംരക്ഷണ പദ്ധതികളാണ് ഫലം കണ്ടത്. ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ ഭൂഗര്‍ഭജല വകുപ്പ് രണ്ടു വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്നതായി കണ്ടെത്തിയതെന്ന് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒ. രതീഷ് അറിയിച്ചു.
രണ്ട് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ കാസര്‍കോട് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ 79.64 ശതമാനവും ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. കേന്ദ്ര ജല ഏജന്‍സികള്‍ അതീവ ഗുരുതരം എന്ന് വിലയിരുത്തിയ കാസര്‍കോട് ബ്ലോക്കിലാകട്ടെ 97.68 ശതമാനമായിരുന്നു ഭൂഗര്‍ഭ ജലചൂഷണം. ഇതേതുടര്‍ന്ന് ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്കി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടമായത്. 2019 മെയ് മാസം മുതല്‍ 2021 മെയ് മാസം വരെ ഭൂഗര്‍ഭ ജല വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ കൂടിയത് ഒമ്പത് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നതായാണ് കണ്ടെത്തല്‍.
ഭൂഗര്‍ഭ ജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷന് തുടങ്ങിയ വിഭാഗങ്ങളുമായി കൂടിയാലോചിച്ചാണ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പദ്ധതികള്‍ തയ്യാറാക്കിയത്. നേരത്തെയുണ്ടായിരുന്ന മഴക്കുഴി പദ്ധതികള്‍ ഊര്‍ജിതമാക്കിയായിരുന്നു തുടക്കം. മുളംതൈ നടീല്‍ ആയിരുന്നു ഇക്കാലയളവിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്ന്. ജില്ലയിലാകെ പദ്ധതി വ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാകാനും ജില്ലക്ക് സാധിച്ചു. കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നതും ജലനിരപ്പ് വര്‍ധിക്കുന്നതിന് കാരണമായി.