കാസര്‍കോട്: അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. കടവുകള്‍ നശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയോടെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. തളങ്കര ബാങ്കോട്, തുരുത്തി എന്നീ കടവുകള്‍ ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തു. കാസര്‍കോട് എസ്.ഐ.മാരായ കെ.ഷാജു, ഷേക്ക് അബ്ദുല്‍ റസാക്ക് എന്നിവരുടെ നേത്യത്വത്തിലാണ് നടപടി. കാസര്‍കോട് പരിസരങ്ങളിലുള്ള മറ്റു അനധികൃത കടവുകള്‍ നശിപ്പിക്കുമെന്നും കടവ് ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നിരവധി അനധികൃത മണല്‍കടവ് പുഴയോരത്തുള്ളതായും അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ പുഴയില്‍ നിന്ന് മണലൂറ്റി കടത്തുന്നത് വ്യാപകമായിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കടവുകളിലേക്ക് മണല്‍ കടത്താന്‍ വാഹനങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്ന സ്ഥലമുടമകള്ക്കുമെതിരേയും നടപടിയുണ്ടാകും. അനധികൃതമായി പുഴയില്‍ നിന്നും ഊറ്റുന്ന മണലുകള്‍ രഹസ്യമായി പറമ്പുകളില്‍ സൂക്ഷിച്ച ശേഷം പിന്നീട് വില്പന നടത്തുകയാണ് രീതി.