ബോവിക്കാനം: മുതലപ്പാറയിലെ മദ്രസയില്‍ യോഗത്തിനിടെ ആക്രമണം. സദര്‍ മുഅല്ലിം അടക്കം മൂന്ന് അധ്യാപകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മദ്രസയുടെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു.
ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലെ സദര്‍ മുഅല്ലിമും സമസ്ത മുദരിബുമായ ഷാഹുല്‍ ഹമീദ് ദാരിമി, മുഅല്ലിമിങ്ങളായ അഹമ്മദ് മുസ്ലിയാര്, ഷക്കീര്‍ മൗലവി എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് അക്രമമുണ്ടായത്. മദ്രസയിലെ ഒരു മുഅല്ലിമും ഒരു വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് പഠന സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിനായി മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിനിടെ ഒരു സംഘം മരപ്പലകകളും മറ്റും കൊണ്ട് സദര്‍ മുഅല്ലിമിനെ അക്രമിക്കുകയും മദ്രസയിലെ കസേരകളടക്കമുള്ള ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ ചെങ്കളയിലെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.