ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ കര്‍ണാടകയോടാണ് കേരളം പരാജയപ്പെട്ടത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ഥും ദേവ്ദത്ത് പടിക്കലും ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മുന്നില്‍ 80 റണ്‍സ് അകലെ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു. രവികുമാര്‍ സമര്‍ഥ് 158 പന്തില്‍ 192 റണ്‍സും പടിക്കല്‍ 119 പന്തില്‍ 101 റണ്‍സും നേടിയപ്പോള്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 338 എന്ന കൂറ്റന്‍ സ്കോര്‍ ആണ് കര്‍ണാടക ഉയര്‍ത്തിയത്. 42.4 ഓവറില്‍ 249 റണ്‍സിലാണ് കര്‍ണാടകയുടെ ആദ്യ വിക്കറ്റ് വീണത്. സമര്‍ഥ് ആണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിംഗില്‍ വത്സല്‍ ഗോവിന്ദും(92) മുഹമ്മദ് അസ്ഹറുദ്ദീനും (52) പൊരുതിയെങ്കിലും 43.4 ഓവറില്‍ 258 റണ്‍സില്‍ കേരളത്തിന്റെ ഇന്നിംഗ്സ് ഒതുങ്ങി. ബാക്കി ബാറ്റ്സ്മാന്മാരില് വിഷ്ണു വിനോദ്, സച്ചിന് ബേബി, ജലജ് സക്സേന, എന്‍ ബി ബേസില്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കര്‍ണാടക ബോളിംഗ് നിരയില്‍ റോണിത് മോറെ അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പ്രസീധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു. കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റുകളും എന്‍ ബാസില്‍ നേടി. ഡെല്‍ഹിയിലെ പാലം എ സ്റ്റേഡിയത്തിലായിരുന്നു മത്സരം.