ന്യൂയോര്‍ക്ക്: വാക്സിന് എടുത്തവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്ന് യു.എസ്. രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് കൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് മാസ്ക് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കുന്നത്. ‘വാക്സിനേഷന് ചെയ്തയാളുകള്‍ ഒറ്റയ്ക്കോ, വാക്സിന് എടുത്തവരുമായോ ചേര്‍ന്നു പുറത്ത് പോവുമ്പോഴോ മാസ്ക് നിര്‍ബന്ധമല്ലെന്നും എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്ക് ധരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വാക്സിന് ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യുന്നതിനും മാസ്കില്ലാതെ പുറത്തുപോകാം’- യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) സെന്റര്‍ മേധാവി ഡോ. റൊഷേല്‍ വാലെന്‍സ്കി പറഞ്ഞു.
ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങള്‍ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍ അറിയിച്ചു. അമേരിക്കയില്‍ ഇതുവരെ 95 ലക്ഷം ആളുകളാണ് സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി. വാക്സിനേഷന് പൂര്‍ത്തിയാക്കിയ ആളുകള്‍ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയത്.