ദുബായില്‍ ബന്തിയോട് സ്വദേശിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി

രണ്ട് ഉപ്പള സ്വദേശികള്‍ കസ്റ്റഡിയില്‍
ബന്തിയോട്: ദുബായില്‍ ബന്തിയോട് സ്വദേശിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി. രണ്ട് ഉപ്പള സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്തിയോട് പഞ്ചത്തെ അസൈനാറിന്റെയും സഫിയയുടെയും മകന്‍ മുഹമ്മദ് ഷെഫീഖ്(25) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീട്ടിലേക്ക് അവസാനമായി ഫോണില്‍ വിളിച്ചത്. അതിന് ശേഷം വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഷെഫീഖിന്റെ ഫോണ്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇന്നലെയാണ് ദുബായില്‍ കടല്‍ തീരത്ത് ഷെഫീഖിന്റെ മൃതദേഹം കരക്കടിഞ്ഞ വിവരം ബന്ധുകള്‍ക്ക് കിട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പൈവളിഗെ ബെള്ളൂര്‍ സ്വദേശികളെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലര്‍ക്ക് പണം കൊടുക്കാറുള്ള കണക്ക് ഷെഫീഖ് ഡയറിയില്‍ നേരത്തെ തന്നെ കുറിച്ച് വെച്ചിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കൊന്ന് കടലില്‍ തള്ളിയതാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ദുബായിലെ സ്‌കൂളില്‍ അക്കൗണ്ടിംഗായി ജോലി ചെയ്തുവരികയായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടില്‍ അവസാനമായി വന്ന് മടങ്ങിയത്.

