മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തര്‍ക്കം

ഉപ്പള: മംഗല്‍പാടി, കുമ്പള ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിംലീഗില്‍ തര്‍ക്കം മുറുകുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കമ്മിറ്റിക്ക് വിടുമെന്നാണ് സൂചന. മംഗല്‍പാടിയില്‍ രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റ് വാര്‍ഡില്‍ നിന്ന് വിജയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഗോള്‍ഡന്‍ റഹ്മാന്‍, 22-ാം വാര്‍ഡ് നയാബസാറില്‍ നിന്ന് വിജയിച്ച പി.എം സലീം എന്നിവരുടെ പേരുകളാണ് ഉയരുന്നുള്ളത്. പാര്‍ട്ടിയിലെ ഒരു വിഭാഗം മണ്ഡലം നേതാക്കള്‍ ഗോള്‍ഡന്‍ റഹ്മാന് വേണ്ടി രംഗത്തുണ്ട്. അതേസമയം മണ്ഡലത്തിലെയും ജില്ലയിലെയും ചില നേതാക്കളും ഉപ്പളയിലെ പാര്‍ട്ടി പ്രവര്‍ത്തകരും പി.എം സലീമിനെ പ്രസിഡണ്ടാക്കണമെന്ന് ശക്തമായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കുമ്പള പഞ്ചായത്തിലെ 20-ാം വാര്‍ഡ് ബദ്‌രിയാ നഗറില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന നേതാവ് കൂടിയായ വി.പി അബ്ദുല്‍ ഖാദര്‍, മൂന്നാം വാര്‍ഡ് ആരിക്കാടി കക്കളം കുന്നില്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച മണ്ഡലം നേതാവ് കൂടിയായ എ.കെ ആരിഫ് എന്നിവരുടെ പേരുകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ളത്. കഴിഞ്ഞ തവണ ബംബ്രാണ സ്വദേശിനി താഹിറ യൂസഫാണ് പ്രസിഡണ്ട് പദവി വഹിച്ചത്. അതിനാല്‍ തന്നെ ആ മേഖലയിലേക്ക് ഇത്തവണ പ്രസിഡണ്ട് പദവി നല്‍കരുതെന്ന ആവശ്യവുമായി ചില നേതാക്കള്‍ രംഗത്തുണ്ട്. മൊഗ്രാല്‍ ഭാഗത്ത് നിന്ന് 20 വര്‍ഷത്തോളമായി ആരും പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടില്ലെന്നും അതിനാല്‍ വി.പി അബ്ദുല്‍ ഖാദറിനെ പ്രസിഡണ്ടാക്കണമെന്നുമുള്ള ആവശ്യവുമായി ചില നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it