കാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഉത്തരദേശം സംഘടിപ്പിക്കുന്ന കാസര്‍കോടിന് മുന്നേറണം ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011ല്‍ ആദ്യം എം.എല്‍.എ ആയപ്പോള്‍ യു.ഡി.എഫ് ഭരണം ആയിരുന്നു. ആ ഘട്ടത്തിലാണ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ടത്. അക്കാദമിക്ക് ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുകയും ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നതിനനിടയിലാണ് താല്‍ക്കാലികമായി അതിനെ കോവിഡ് ആസ്പത്രിയാക്കി മാറ്റിയത്. തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമല്ല എന്നൊരു വാദം ഇപ്പോള്‍ ചില കോണുകള്‍ ഉന്നയിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് കേരളത്തിലെ ഏത് മെഡിക്കല്‍ കോളേജ് എടുത്താലും തുടങ്ങുന്ന ഘട്ടത്തില്‍ പരിമിതികളുണ്ടാവുമെങ്കിലും എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും വന്നു ചേരുമ്പോള്‍ ആ നാടിന്റെ മുഖച്ഛായ തന്നെ മാറും. ഉക്കിനടുക്ക എന്നു പറയുന്നത് ഒറ്റപ്പെട്ട പ്രദേശമൊന്നുമല്ല. ഈ സ്ഥലം അന്നത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന് ചൂണ്ടിക്കാണിച്ചുകൊടുത്തത് ഞാന്‍ തന്നെയാണ്. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നത് എന്റെ ഇടപെടലിന്റെ അഭാവം കൊണ്ടല്ല.
മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ 193 കോടി രൂപയുടെ എസ്റ്റിമേറ്റിന് കിഫ്ബിയില്‍ നിന്ന് അനുമതിയായിട്ടുണ്ട്. പക്ഷെ ടെക്നിക്കല്‍ കമ്മിറ്റി കൂടി അതിന് അനുമതി നല്കാന് വൈകുന്നതാണ് ഇപ്പോഴത്തെ മെല്ലെപ്പോക്കിന് കാരണം. യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കല്‍ കോളേജിന്റെ പ്രാരംഭ ഘട്ടത്തിലും ഇതേ അനുഭവമുണ്ടായിരുന്നു. നബാര്‍ഡില്‍ നിന്ന് 84 കോടി രൂപ അനുവദിച്ച് കിട്ടി. ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം നല്‍കുന്നതിലെ അലംഭാവം കാരണം നിര്‍മ്മാണം തുടങ്ങുന്നതിന് രണ്ടരവര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.
വികസന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് നിവേദനം നല്‍കുന്നതിനെ ട്രോളുകളാക്കി പരിഹസിക്കുന്ന പ്രവണത സോഷ്യല്‍മീഡിയയില്‍ കാണുന്നുണ്ട്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുക. അതൊരു പ്രേമലേഖനമൊന്നുമല്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ തന്നെയാണ് അവയിലുള്ളത്. ഏറ്റവും ഒടുവിലായി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്താനുള്ള തീരുമാനമുണ്ടായത് മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്ത് നല്കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത് കൊണ്ടാണ്.
മംഗലാപുരം പോലൊരു വന്‍നഗരം അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നത് കാസര്‍കോടിന്റെ വികസനത്തിന് വിഘാതമാവുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. അതിനോട് ഞാന്‍ യോജിക്കുന്നില്ല. കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് വികസന വണ്ടിയെത്തുന്നതില് വേഗത കുറയുന്നുണ്ടോ എന്നതാണ് നമ്മള് പരിശോധിക്കേണ്ടത്.
കാസര്‍കോടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 11123 കോടി രൂപയുടെ പ്രഭാകരന് പാക്കേജ് നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് 9 വര്‍ഷത്തോളമായിട്ടും ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വന്‍കിട പദ്ധതികള്‍ ഇവിടെ വന്നിട്ടില്ല. അത്തരം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് അടുത്ത 5 വര്‍ഷം എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ വിനിയോഗിക്കുക. ജില്ലയുടെ വികസനത്തിന് വേണ്ടി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതിന് വിവിധ മേഖലകളിലെ ആളുകളെ ഒന്നിച്ച് കൂട്ടി ഒരു അഭിപ്രായ രൂപീകരണം നടത്താനും ശ്രമം നടത്തും.
‘കാസര്‍കോടിന് മുന്നേറണം’ ക്യാമ്പയിനില്‍ പങ്കെടുക്കാം
കാസര്‍കോട്: 37ന്റെ നിറവില്‍ നില്‍ക്കുമ്പോഴും വികസന പാതയില്‍ ഒട്ടേറെ പരിമിതികള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയുടെ പുരോഗതിക്കുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ഉത്തരദേശം അവസരമൊരുക്കുന്നു.
പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും സംഘടനാ സാരഥികളും ഈ ക്യാമ്പയിനിന്റെ ഭാഗമായി അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ഉത്തരദേശം ദിനപത്രം-ഓണ്‍ലൈന്‍-യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ നിങ്ങളിലേക്കെത്തുന്ന ഈ ക്യാമ്പയിനില്‍ പങ്കുചേരാന്‍ ഉത്തരദേശം, പിബി നമ്പര്‍-18, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലോ 7012762941 എന്ന വാട്സാപ്പ് നമ്പറിലോ അഭിപ്രായങ്ങള്‍ അറിയിക്കുക.
എം.എല്‍.എ എന്ന നിലയില്‍ അടിയന്തിര പ്രാധാന്യം നല്കുന്ന വിഷയങ്ങള്‍ എന്തൊക്കെ
0 ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കല്‍
0 ഭെല്ലായി മാറിയ കെല്ലിനെ പൂര്‍വ്വ പ്രതാപത്തിലേക്ക് കൊണ്ട് വരണം
0 2002ല്‍ പൂട്ടിപ്പോയ നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആസ്ട്രല്‍ വാച്ചസ് ഭൂമിയില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ വരണം. ടെക്നോളജി പാര്‍ക്ക്, അപ്പാരല്‍ പാര്‍ക്ക് പോലുള്ള സംരംഭങ്ങള്‍ പരിഗണിക്കാം
0 കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെ ഫ്ളൈ ഓവര്‍ സ്ഥാപിക്കണം
0 കാസര്‍കോട് റെയില്‍വെ സ്റ്റേഷന് റോഡ് നവീകരണം
0 കാസര്‍കോട് ജനറല്‍ ആസ്പത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയാക്കണം.
0 തളങ്കര, നെല്ലിക്കുന്ന് കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതികള്‍
0 കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാക്കണം
വീഡിയോ റിപ്പോർട്ട് കാണാം