കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപ പൊലീസ് പിടികൂടി; മേല്‍പ്പറമ്പ് സ്വദേശി കസ്റ്റഡിയില്‍

നോട്ടുകള്‍ പൂര്‍ണ്ണമായും എണ്ണിതീര്‍ന്നിട്ടില്ല.

ഉദുമ: കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ തൃക്കണ്ണാടിന് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് രേഖകളില്ലാതെ കാറില്‍ കടത്തി വരികയായിരുന്ന 1 .175 കോടി രൂപയുടെ ഹവാല പണമാണ് പിടികൂടിയത്.


കാറിലുണ്ടായിരുന്ന മേല്‍പ്പറമ്പ് സ്വദേശി അബ്ദുൾ ഖാദർ എം എസ് (46 ) എന്നയാൾ ആണ് പോലീസ് പിടിയിലായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ്, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെടുത്തത്.

കാറിന്റെ സീറ്റുകള്‍ക്ക് അടിയിലായി പ്രത്യേക അറകളുണ്ടാക്കി അതില്‍ പണം സൂക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.ഏറെ നാളുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ ഇത്രയും വലിയ കുഴല്‍പ്പണ വേട്ട നടക്കുന്നത്.


പരിശോധനയില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെപി, പ്രോബേഷന്‍ എസ് ഐ മാരായ അഖില്‍ സെബാസ്റ്റ്യന്‍, മനു കൃഷണന്‍, എസ്.ഐ ബാലചന്ദ്രന്‍ എം, സിപിഒ വിജേഷ്, തീര്‍ഥന്‍, DVRSCPO സജേഷ് എന്നിവര്‍ പങ്കെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പിടികൂടിയ പണമുള്‍പ്പെടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it