കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ച സംഭവത്തില്‍ പത്തനം തിട്ട സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട ഏലന്തൂര്‍ സ്വദേശി ജോജി തോമസിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ഉദുമ: കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ച സംഭവത്തില്‍ പത്തനം തിട്ട സ്വദേശി അറസ്റ്റില്‍. പത്തനംതിട്ട ഏലന്തൂര്‍ സ്വദേശി ജോജി തോമസിനെ(30)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കളനാട്ട് റെയില്‍പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച നിലയിലും കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് തെക്കുഭാഗത്ത് ചിറമ്മലില്‍ പാളത്തില്‍ മരത്തടി കയറ്റിവെച്ച നിലയിലും കണ്ടെത്തിയത്.

നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് കടന്നുപോകുന്ന സമയത്താണ് പാളത്തില്‍ കല്ലുകള്‍ നിരത്തിയത്. സംശയ സാഹചര്യത്തില്‍ കണ്ട ജോജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. പത്തനം തിട്ടയില്‍ നിന്ന് ട്രെയിനില്‍ വന്ന ജോജി കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങിയത്. പിന്നീട് പാളത്തിലൂടെ തെക്കുഭാഗത്തേക്ക് നടന്ന് കളനാട്ടെ റെയില്‍വെ തുരങ്കത്തിലെത്തി.

ഇരുട്ടിലൂടെ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഓലച്ചൂട്ട് കത്തിച്ച് നടക്കുകയും തുരങ്കം കടന്നയുടനെ ചൂട്ട് റെയില്‍പാളത്തിന് സമീപത്ത് എറിയുകയുമായിരുന്നു. ഇതോടെ തീപടരുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണക്കുകയും ചെയ്തു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് പാളത്തില്‍ കരിങ്കല്ല് നിരത്തിവെച്ച നിലയില്‍ കണ്ടത്.

പൊലീസ് പാളത്തില്‍ തിരച്ചില്‍ വ്യാപിപ്പിച്ചു. അതിനിടെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനടുത്ത ചിറമ്മലിലുള്ള പാളത്തില്‍ മരത്തടി കയറ്റിവെച്ചതായി ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാണുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മരത്തടി മാറ്റുകയും പാളത്തിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

Related Articles
Next Story
Share it