കൊല്ലത്ത് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; 4 പേരെയും ബേക്കല്‍ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി
മണക്കാട് സ്വദേശികളായ നാല് ആണ്‍ കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്

ഉദുമ: കൊല്ലത്ത് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കണ്ടെത്തി. കൊല്ലം മണക്കാട് സ്വദേശികളായ നാല് ആണ്‍ കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്. രക്ഷിതാവ് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ശനിയാഴ് ച പുലര്‍ച്ചെ കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭാരത് റെഡ്ഡി ഐപിഎസിന് ഇതുസംബന്ധിച്ച സന്ദേശം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു.
ബേക്കല്‍ ഡി.വൈ.എസ്.പി മനോജ് വിവി, ഇന്‍സ്പെക്ടര്‍ ശ്രീദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ടൂറിസം പൊലീസ് നടത്തിയ പരിശോധനയില്‍ എസ്.സി.പി.ഒ വിനീത് സി.പി.ഒ പ്രജിത്ത് എന്നിവര്‍ നാല് കുട്ടികളെയും കണ്ടെത്തി സുരക്ഷിതമായി ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.