സ്വിഫ്റ്റ് കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; ദന്തഡോക്ടര്‍ രക്ഷപ്പെട്ടു

10.65 ഗ്രാം കഞ്ചാവും 3.28 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്

ചട്ടഞ്ചാല്‍: സ്വിഫ്റ്റ് കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന ദന്തഡോക്ടര്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗര്‍ കുറക്കുന്ന് മൊട്ടയിലെ ബി.എം അഹമ്മദ് കബീറിനെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ചട്ടഞ്ചാലില്‍ നിന്നാണ് 10.65 ഗ്രാം കഞ്ചാവും 3.28 ഗ്രാം മയക്കുമരുന്നും പിടികൂടിയത്.

കാറിലുണ്ടായിരുന്ന ദന്തഡോക്ടര്‍ സുനീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും മേല്‍പ്പറമ്പ് പൊലീസും ചേര്‍ന്ന് ചട്ടഞ്ചാലില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും പിടികൂടിയത്. അമ്പത്തഞ്ചാം മൈലില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സ്വിഫ്റ്റ് കാറിനെ പൊലീസ് സംഘം പിന്തുടര്‍ന്നെങ്കിലും പ്രതികള്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചുപോയി. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ വെച്ച് മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടറിലിടിച്ച് നിന്നു.

പിന്നാലെ പൊലീസ് വാഹനം എത്തിയതോടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ഡോ. സുനീര്‍ ഇറങ്ങിയോടി. തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേല്‍പ്പറമ്പ് എസ്.ഐ എ.എന്‍ സുരേഷ് കുമാര്‍, ബേക്കല്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുഭാഷ്, സുജീഷ്, സുഭാഷ് ചന്ദ്രന്‍, സിവില്‍ ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട ഡോക്ടര്‍ക്കായി തിരച്ചില്‍ തുടരുന്നു.

Related Articles
Next Story
Share it