മാങ്ങാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി

മാങ്ങാട് ജംഗ്ഷനിലെ കെ ബാലകൃഷ്ണന്റെ കോര്‍ണര്‍ സ്റ്റോറിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്

ഉദുമ: മാങ്ങാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. ചൊവ്വാഴ്ച വൈകിട്ട് മാങ്ങാട് ജംഗ്ഷനിലെ കെ ബാലകൃഷ്ണന്റെ കോര്‍ണര്‍ സ്റ്റോറിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അരമങ്ങാനം റോഡില്‍ നിന്ന് വന്ന കാര്‍ ചട്ടഞ്ചാല്‍ ഭാഗത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊട്ടടുത്ത ഉയരവിളക്കിന്റെ കോണ്‍ക്രീറ്റില്‍ തട്ടി കാറിന്റെ ഇടതുഭാഗത്തെ രണ്ട് ടയറുകള്‍ തകരാറിലാവുകയായിരുന്നു.

പിന്നീട് കടയുടെ മുന്നിലെ തട്ടുകളില്‍ കുടുങ്ങിയാണ് കാര്‍ നിന്നത്. വൈകുന്നേരങ്ങളില്‍ മാങ്ങാട് ജംഗ്ഷനില്‍ സാധാരണ ആളുകളുടെ തിരക്കുണ്ടാകാറുണ്ട്. എന്നാല്‍ അപകടസമയത്ത് പരിസരങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ കോര്‍ണര്‍ സ്റ്റോറിലെ പഴം-പച്ചക്കറി സ്റ്റാന്‍ഡുകള്‍ തകരുകയും സാധനങ്ങള്‍ നശിക്കുകയും ചെയ്തു.

Related Articles
Next Story
Share it