ഒന്നരമാസം മുമ്പ് വിദേശ കപ്പലില്‍ മരിച്ച പ്രശാന്തിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി

പാലക്കുന്ന്: ഒന്നരമാസം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദേശ കപ്പലില്‍ മരിച്ച തിരുവക്കോളി അങ്കകളരിയിലെ പ്രശാന്തിന്റെ മൃതദേഹം മലാംകുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെ മംഗളൂരില്‍ എത്തിയ മൃതദേഹം വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ഉദുമ പാക്യാരയിലെ വീട്ടിലെത്തിച്ചു.

തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഉദയമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പിനരികെ പൊതുദര്‍ശനത്തിന് വെച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ള പ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. വന്‍ ജനാവലിയാണ് പ്രശാന്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. മുംബൈയിലെ വില്യംസം കപ്പല്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധികള്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

പാസ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെങ്കിലും പ്രശാന്തിന്റെ ബാഗേജും മറ്റും വീട്ടിലെത്താന്‍ ഇനിയും രണ്ടാഴ്ചയിലേറെ സമയം എടുക്കുമെന്നും അനന്തരാവകാശിക്കുള്ള നഷ്ടപരിഹാര തുക കലക്റ്റീവ് ബാര്‍ഗൈനിങ് എഗ്രിമെന്റ്(സി.ബി.എ) പ്രകാരം ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി നടത്തുമെന്നും പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.

Related Articles
Next Story
Share it