കിണഞ്ഞു ശ്രമിച്ചിട്ടും അനങ്ങാതെ വിമതര്‍; ഇനി നേരിടുക തന്നെ മാര്‍ഗം

കാസര്‍കോട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിച്ച് രംഗത്തു വന്ന വിമത സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും നേരിയ ആശ്വാസം ഉണ്ടായെങ്കിലും മിക്ക ഇടങ്ങളിലും വിമതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ പാര്‍ട്ടികള്‍ പ്രതിരോധത്തിലായി. കാസര്‍കോട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വിമത ശല്യം നേരിടുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗില്‍ നേരത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ ആയിരുന്നവരോ അവരുടെ കുടുംബാംഗങ്ങളോ ആണ് ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. 20-ാം വാര്‍ഡായ ഫോര്‍ട്ട് റോഡില്‍ മുസ്ലിം ലീഗ് […]

കാസര്‍കോട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിച്ച് രംഗത്തു വന്ന വിമത സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും നേരിയ ആശ്വാസം ഉണ്ടായെങ്കിലും മിക്ക ഇടങ്ങളിലും വിമതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ പാര്‍ട്ടികള്‍ പ്രതിരോധത്തിലായി. കാസര്‍കോട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വിമത ശല്യം നേരിടുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗില്‍ നേരത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ ആയിരുന്നവരോ അവരുടെ കുടുംബാംഗങ്ങളോ ആണ് ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. 20-ാം വാര്‍ഡായ ഫോര്‍ട്ട് റോഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ആയിഷത്ത് സാഹിറാബാനുവിനെതിരെ അടുത്തിടെ മുസ്ലിം ലീഗില്‍ തിരിച്ചെടുത്ത നൗഷാദ് കരിപ്പൊടിയുടെ ഭാര്യ ഹസീനയാണ് രംഗത്തുള്ളത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ റാഷിദ് പൂരണം മത്സരിച്ച് വിജയിച്ച വാര്‍ഡാണിത്. തളങ്കര പടിഞ്ഞാറില്‍ ലീഗ് സ്ഥാനാര്‍ത്ഥി സുമയ്യ മൊയ്തീനെതിരെ ഷഹീദ അഷ്‌റഫ് മത്സര രംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ സിദ്ധീഖ് ചക്കരയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. ഇവിടെ കഴിഞ്ഞ തവണ കൗണ്‍സിലര്‍ ആയിരുന്ന ഫര്‍സാനയുടെ ഭര്‍ത്താവ് എം.ഹസൈനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ഹൊന്നമൂല വാര്‍ഡിലും മുസ്ലിം ലീഗ് ഭീഷണിനേരിടുന്നുണ്ട്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൈമുന്നിസക്കെതിരെ നിലവിലെ കൗണ്‍സിലര്‍ ആയിരുന്ന മൊയ്തീന്‍ കമ്പ്യൂട്ടറിന്റെ ഭാര്യയാണ് പത്രിക നല്‍കിയിട്ടുള്ളത്. സി.പി.എം. സ്ഥാനാര്‍ത്ഥിയും രംഗത്തുണ്ട്. തായലങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് കുഞ്ഞി തായലങ്ങാടിക്കെതിരെ പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ കൂടിയായ സലാം കുന്നില്‍ മത്സര രംഗത്തുണ്ട്. ഇവര്‍ക്ക് പുറമെ ഇടത് സ്വതന്ത്രനും ബി.ജെ.പിയും പത്രിക നല്‍കിയിട്ടുണ്ട്.
അതേസമയം, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഷാഹിനാസലീം മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് എടനീര്‍ വാര്‍ഡില്‍ പത്രിക നല്‍കിയിരുന്ന കര്‍ഷക സംഘം ജില്ലാ നേതാവിന്റെ ഭാര്യ അവസാന നിമിഷം പിന്‍മാറി.
മംഗല്‍പ്പാടിയിലെ ഒന്നാം വാര്‍ഡില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ച ബ്രാഞ്ച് സെക്രട്ടറി ഇസ്മായില്‍ മൂസോടിക്കെതിരെ സി.പി.എം. ലോക്കല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വിചിത്രമായ അനുഭവമായി. ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും മാറാന്‍ ബ്രാഞ്ച് സെക്രട്ടറി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സി.പി.എം. പ്രവര്‍ത്തകന്‍ പി. രാഘവന്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ അതിയാമ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ലീല മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.

Related Articles
Next Story
Share it