സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; ആന്തരികാവയവങ്ങളെ ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 'ഓപ്പറേഷന്‍ സൗന്ദര്യ' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയത്.

മതിയായ ലൈസന്‍സുകളോ കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണം. വാങ്ങുന്ന ഉത്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിക്കണം. . എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കണമെന്നും മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയത്.പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it