വലിയപറമ്പ- വിനോദസഞ്ചാര രംഗത്ത് വടക്കിന്റെ കയ്യൊപ്പ്

കായല്‍ സൗന്ദര്യം അതിന്റെ പരമ കോടിയിലെത്തി നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് വലിയ പറമ്പ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കായലും കടലും തീര്‍ക്കുന്ന നയന മനോഹരതീരം. കായലില്‍ മുഖം നോക്കുന്ന തെങ്ങുകളും വലയെറിയുന്ന മത്സ്യത്തൊഴിലാളികളും പുരവഞ്ചികളും വലിയപറമ്പിലെ സുന്ദരമായ കാഴ്ചകളാണ്. ഒരു പക്ഷെ ആലപ്പുഴ കഴിഞ്ഞാല്‍ ഉത്തര മലബാറില്‍ കായല്‍ സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വലിയപറമ്പായിരിക്കും. നിറങ്ങള്‍ ചാലിക്കുന്ന അസ്തമയവും വെള്ളിത്തരികള്‍ പോലെ തിളങ്ങുന്ന മണല്‍പ്പരപ്പുകളും, കായലും കടലും കൈകോര്‍ത്ത് കഥപറയുന്ന അഴിമുഖവും വലിയപറമ്പിനെ ഏറെ സുന്ദരിയാക്കുന്നു. പ്രകൃതി സൗന്ദര്യം മാറോടണച്ചൊഴുകുന്ന കവ്വായി കായലാണ് വലിയപറമ്പിന്റെ ജീവനാഡി. നീലേശ്വരം പുഴ, കാര്യങ്കോട് പുഴ, പെരുമ്പ പുഴ, കവ്വായി പുഴ, മയ്യിച്ച തോട്, ഏര്‍പ്പുഴ എന്നിവ ചേര്‍ന്നാണ് കവ്വായി കായല്‍ രൂപപ്പെടുന്നത്. വടക്ക് നീലേശ്വരം മുതല്‍ തെക്ക് ഏഴിമല വരെ 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായിക്കായലിന്റെ പ്രത്യേകതയാണ്.കേരളത്തിലെ മറ്റ് കായലുകളേക്കാള്‍ കവ്വായി കായല്‍ ഏറെ പരിശുദ്ധമാണെന്നായിരുന്നു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിയക്ക് വേണ്ടി തിരുവനന്തപുരത്തെ വിദഗ്ദ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കവ്വായി കായലില്‍ മനുഷ്യവാസമുള്ളതും ഇല്ലാത്തതുമായ ചെറുതും വലുതുമായ പതിനഞ്ചോളം തുരുത്തുകളുണ്ട്. മരതക കാന്തി നിറഞ്ഞ് നില്‍ക്കുന്ന ഓരോ തുരുത്തിനും ഓരോ കഥ പറയാനുണ്ട്. തെക്ക് ഭാഗത്ത് കവ്വായിക്ക് സമീപമുള്ള കുരിപ്പിന്റെ മാട് പഴയ കാലത്ത് വസൂരി ബാധിച്ചവരെ ഉപേക്ഷിച്ച മാടാണെന്നാണ് ചരിത്രം. തൊട്ട് പടിഞ്ഞാറ് ഭാഗത്ത് കൊച്ചത്തുരുത്ത് . 25 വര്‍ഷക്കാലം ഇവിടെ താമസിച്ചിരുന്നത് ഒരു കുടുംബത്തിലെ നാല് പേര്‍ മാത്രമായിരുന്നു. പിന്നെ ജനവാസമുള്ള മാടക്കാല്‍, ഇടയിലക്കാട്, തെക്കെക്കാട്,വടക്കേക്കാട് തുരുത്തുകള്‍. കവ്വായി കായലിന്റെ വടക്ക് ഭാഗത്താണ് ചെമ്പന്റെ മാട്. വടക്കേക്കാടിനും തെക്കേകാടിനും ഇടയിലുള്ള ഒളിവുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന തുരുത്തുണ്ട്. ജന്‍മിത്വ നാടുവാഴിത്തത്തിനെതിരെ അടിയുറച്ച പോരാട്ടം നടത്തിയ സമര വീരരുടെ ഒളിവുസങ്കേതമായിരുന്നു ഈ തുരുത്ത്. അങ്ങനെയാണ് തുരുത്തിന് ഒളിവുകാരുടെ ഊട്ടി എന്ന പേര് വീണത്. കോട്ടയില്‍ കുറുപ്പിന്റെ മാട് എന്നാണ് യഥാര്‍ത്ഥ പേര്. കാര്യങ്കോട് പുഴയും കവ്വായിക്കായലും സംഗമിക്കുന്ന അറബിക്കടലിന്റെ അഴിമുഖത്തിന് അഭിമുഖമായി നിലകൊള്ളുന്ന കൃത്രിമ ദ്വീപാണ് കാവുഞ്ചിറ കാഞ്ചരക്കാട്ട് തുരുത്ത് . ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ ഇവിടെ ആസൂത്രണം ചെയ്തുവരുന്നു. മലബാറിലെ ആദ്യ മിയാവാക്കി വനവത്കരണ കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതാണ് കാഞ്ചരക്കാട് തുരുത്ത്. ഇതിന് പടിഞ്ഞാറ് ഭാഗത്താണ് അഴിമുഖം നിലകൊള്ളുന്നത്. വടക്ക് വശത്ത് നീലേശ്വരം നഗരസഭയുടെ ഭാഗമായിട്ടുള്ള അഴിത്തലയും തെക്കുഭാഗത്ത് വലിയപറമ്പ ഗ്രാമ പഞ്ചായത്തിന്റെ ഭാഗയുള്ള ഒരിയരയും സംഗമിക്കുന്നു. വലിയപറമ്പ മാവിലാക്കടപ്പുറം പുലിമുട്ടിലെത്തിയാല്‍ സംഗമത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍. അസ്തമയ സൂര്യനെ കാണാന്‍ നിരവധി പേരാണ് ഇവിടെ ദിനംപ്രതി എത്തുന്നത്.

രാജ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനൊരുങ്ങുന്ന ഇടയിലക്കാട് കാവാണ് വലിയ പറമ്പിലെ മറ്റൊരു ആകര്‍ഷണം. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നായ ഇടയിലക്കാട് കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. പൈതൃക പദവി ലഭിക്കുന്നതോടെ കാവിലെ ജൈവവൈവിധ്യവും കാവിലെ ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുകയും വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്യും. പൈതൃക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ പ്രദേശമായിരിക്കും ഇടയിലക്കാട് കാവ്. പരന്നൊഴുകുന്ന കവ്വായിക്കായലിലെ ദീപുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ദ്വീപാണ് ഇടയിലക്കാട് കാവ്. വിസ്തൃതി കൊണ്ടും വൈവിധ്യമാര്‍ന്ന സസ്യങ്ങളെ വംശനാശ ഭീഷണി നേരിടുന്ന സസ്യ ജന്തുക്കളെകൊണ്ടും സമ്പന്നമായ കാവ് പരമ്പരാഗത ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന നിരവധി നാട്ടുമരുന്നുകളുടെ കലവറയാണ്. കവ്വായി കായലിന് നടുവിലായി 312 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തില്‍ 16 ഏക്കറോളം സ്ഥലത്താണ് ജൈവ വൈവിധ്യം നിറഞ്ഞിരിക്കുന്നത്. വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. 87 ഇനം പക്ഷികളില്‍ 11 ഇനം നീര്‍പ്പക്ഷികളും 53 കാട്ടുപക്ഷികളും ഉള്‍പ്പെടുന്നു. കിന്നരിപ്പരുന്ത്, ചുട്ടിപ്പരുന്ത്, മീന്‍ കൂമന്‍, കാട്ടുമൂങ്ങ എന്നിവ അപൂര്‍വ ഇനം പക്ഷികളാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാവില്‍ കാണാം. അപൂര്‍വമായി കാണുന്ന ഏറെ ഔഷധപ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്പീഷീസുകള്‍ കാവില്‍ കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, കുരങ്ങുകളുടെ പ്രധാന ഭക്ഷണ ഇനമായ പനച്ചി എന്നിവ കാവില്‍ കാണാം. അമൂല്യ ആയുര്‍വേദ സസ്യമായ പച്ചിലപ്പെരുമാള്‍, സഹ്യപര്‍വത പ്രദേശത്ത് കണ്ടുവരുന്ന കുടല്‍ച്ചുരുക്കി, വാതസംഹാരിയായ കരങ്ങോത്ത, വറ്റോടലം, വെളുത്ത കനലി, വള്ളിപ്പാല തുടങ്ങിയവും കാവില്‍ സമ്പന്നമാണ്.
പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസത്തിന്റെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന 'സ്ട്രീറ്റ്' പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഏക പഞ്ചായത്താണ് വലിയപറമ്പ പഞ്ചായത്ത്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ടൂറിസത്തെ ബന്ധപ്പെടുത്തി പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ട്രീറ്റ് പദ്ധതി നടപ്പിലാവുന്നതോടെ വലിയപറമ്പിലെ തദ്ദേശീയരായ ജനതയുടെ വരുമാനം വര്‍ധിക്കും. ഫുഡ് സ്ട്രീറ്റ് , കള്‍ച്ചറല്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും വരുമാനദായകമായ പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

കായലോരത്ത് പച്ചപുതച്ചിരിക്കുന്ന കണ്ടല്‍ക്കാടുകളും കണ്ടലിനെ ആശ്രയിച്ചുള്ള ആവാസ വ്യവസ്ഥയുമാണ് മറ്റൊരു പ്രത്യേകത. അപൂര്‍വ ഇനം കണ്ടല്‍ച്ചെടികളെ ഇതിനകം ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാടക്കാലില്‍ നടപ്പാക്കുന്ന കണ്ടലോരം പദ്ധതിയിലൂടെ വിനോദ സഞ്ചാരത്തിന് കൂടുതല്‍ മാറ്റ് കൂട്ടാനൊരുങ്ങുകയാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത്. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും കണ്ടലിനെ കുറിച്ചറിയാന്‍ കൂടുതലായി എത്തുന്ന ഇടമാണ് ഇവിടം.
ഒരുകാലത്ത് പുരവഞ്ചി (ഹൗസ് ബോട്ട്) ഇല്ലാതിരുന്നപ്പോള്‍ ചെറിയ തോണികളിലും ബോട്ടുകളിലുമാണ് സഞ്ചാരികള്‍ കവ്വായികായലിനെ കണ്ടറിഞ്ഞത്. പുരവഞ്ചികള്‍ സജീവമായതോടെ കവ്വായി കായലിലെ ടൂറിസം സാധ്യതകളും കടല്‍ കടന്നു. നിരവധി വിനോദസഞ്ചാരികളാണ് ദൈന്യംദിനം എത്തിക്കൊണ്ടിരിക്കുന്നത്. നീലേശ്വരം കോട്ടപ്പുറത്ത് നിന്ന് തുടങ്ങി കവ്വായി കായലിലൂടെ സഞ്ചാരിച്ചാല്‍ കായല്‍ സൗന്ദര്യം ഹൃദയത്തില്‍ ഒപ്പിയെടുക്കാം.
മത്സ്യബന്ധനം ഉപജീവനമാക്കിയവരാണ് വലിയപറമ്പയില്‍ ഏറെയും. തുഴയെറിഞ്ഞ് പോകുന്ന വള്ളങ്ങളും കരകാണാ കടലിലേക്ക് പോകുന്ന ബോട്ടുകളും കരയില്‍ നിന്ന് വലിച്ചെറിയുന്ന വലകളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. പരന്നുകിടക്കുന്ന കായല്‍പ്പരപ്പില്‍ നീണ്ടുനില്‍ക്കുന്ന മുളംതണ്ടുകള്‍ വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍ മേഖലകളിലെ സ്ഥിരം കാഴ്ചയാണ്. ഉത്തരമലബാറില്‍ മാത്രം കാണുന്ന കല്ലുമ്മക്കായ കൃഷിക്കായി ഇറക്കിയവയാണ് ഇവ. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് കല്ലുമ്മക്കായകൃഷി ഇവിടെ സജീവമാവാന്‍ കാരണമായത്. ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ കര്‍ഷകരുള്ള വലിയപറമ്പയില്‍ കര്‍ഷകര്‍ക്കായി നാലേക്കര്‍ ഭൂമിയില്‍ കല്ലുമ്മക്കായ വിത്തുദ്പാദന കേന്ദ്രം നടപ്പിലാക്കാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു.