വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും സായാഹ്ന വിനോദങ്ങളില്‍ ഏര്‍പ്പെടാം; വലിയമട വാട്ടര്‍ ടൂറിസം പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

കളര്‍ മ്യൂസിക് വാട്ടര്‍ ഫൗണ്ടന്‍, ഫ്ളോട്ടിംഗ് റെസ്റ്റോറന്റ്, ഫ്‌ളോട്ടിംഗ് വാക് വേ, പെഡല്‍ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികള്‍ക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകള്‍ തുടങ്ങി അത്യാകര്‍ഷകമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂര്‍ത്തികരിച്ച വലിയമട വാട്ടര്‍ ടൂറിസം പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 4.85 കോടി രൂപ മുടക്കിയാണ് വിനോദസഞ്ചാര വകുപ്പ് അയ് മനം പഞ്ചായത്തില്‍ വലിയമട വാട്ടര്‍ പാര്‍ക്ക് പൂര്‍ത്തീകരിച്ചത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കര്‍ വലിയമട കുളം നവീകരിച്ചാണ് വാട്ടര്‍ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്. സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ആണ് പദ്ധതിയുടെ ഉദ് ഘാടനം നിര്‍വഹിച്ചത്. അയ് മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും സായാഹ്ന വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടര്‍ ടൂറിസം പാര്‍ക്കെന്ന് മന്ത്രി പറഞ്ഞു.

കളര്‍ മ്യൂസിക് വാട്ടര്‍ ഫൗണ്ടന്‍, ഫ്ളോട്ടിംഗ് റെസ്റ്റോറന്റ്, ഫ്‌ളോട്ടിംഗ് വാക് വേ, പെഡല്‍ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികള്‍ക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കേരളീയ ഭക്ഷണം, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് തുടങ്ങി നിരവധി രുചി ഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാര്‍ക്കില്‍ പ്രവേശനം ഉണ്ടായിരിക്കും. പ്രവേശന ഫീസ് 50 രൂപയാണ്. അധികം വിനോദങ്ങള്‍ക്ക് പ്രത്യേകം ഫീസുണ്ട്.

നഗര തിരക്കില്‍ നിന്നും മാറി രാത്രി ജീവിതം ആസ്വദിക്കാനും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാനും പറ്റിയ ഇടം എന്ന നിലയിലാണ് വാട്ടര്‍ ടൂറിസം പാര്‍ക്ക് സവിശേഷമാകുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തിന്റെ സമീപ പ്രദേശമായതിനാല്‍ തദ്ദേശ വിനോദസഞ്ചാരികളെപ്പോലെ തന്നെ കുമരകത്ത് എത്തുന്ന വിദേശ സഞ്ചാരികളെയും വലിയ മടയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

Related Articles
Next Story
Share it