കടല്‍ കടന്നൊരു സ്വര്‍ഗത്തിലേക്ക്..

വെയിലേറ്റ് തിളങ്ങുന്ന മണല്‍ത്തരികള്‍..കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ബീച്ച്.. ആകാശത്തേക്ക് ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടങ്ങള്‍.. ദക്ഷിണ കന്നഡയിലെ ഉഡുപ്പി മാല്‍പെ ബീച്ചിലെത്തിയാല്‍ കാഴ്ചകള്‍ അനന്തമാണ്. ബീച്ച് ടൂറിസത്തിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഇടം. വിദേശികളും സ്വദേശികളും ഒത്തുകൂടുന്ന മാല്‍പെ ബീച്ചില്‍ വിനോദങ്ങള്‍ ഏറെയാണ്. ബീച്ചിലെ കാഴ്ചകള്‍ കണ്ടാല്‍ നേരെ പ്രശസ്തമായ സെന്റ് മേരീസ് ഐലന്‍ഡിലേക്ക് വെച്ചുപിടിക്കാം.
നാലു ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപസമൂഹമാണ് സെന്റ് മേരീസ് ദ്വീപുകള്‍. ശാസ്ത്രപഠനങ്ങള്‍ പ്രകാരം, മഡഗാസ്‌കര്‍ ഇന്ത്യയുമായി ചേര്‍ന്ന് നിന്നിരുന്നതിന്റെ ഫലമായി ആ കാലഘട്ടത്തില്‍, ഭൂവല്‍ക്കത്തിനിടയിലുള്ള മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സെന്റ് മേരീസ് ദ്വീപുകളിലെ ബസാള്‍ട്ട് രൂപം കൊണ്ടിരിക്കുന്നത്. ഏകദേശം 88 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഡഗാസ്‌കര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ നിന്ന് വേര്‍പ്പെട്ടു പോയതെന്നാണ് കരുതുന്നത്. ഇന്ത്യയിലെ 26 ജിയോളിക്കല്‍ സ്മാരകങ്ങളില്‍ 2001-ല്‍ ജിയോളിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സെന്റ് മേരീസ് ദ്വീപുകളെ ഉള്‍പ്പെടുത്തി. ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായാണ് ദ്വീപിനെ കണക്കാക്കുന്നത്.
1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസകോഡ ഗാമ ഇന്ത്യയിലേക്കുള്ള മാര്‍ഗ്ഗം കണ്ടെത്തിയതാണ് സെന്റ് മേരീസ് ദ്വീപിന്റെ പ്രശസ്തിക്ക് തുടക്കം കുറിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്ന് കോഴിക്കോട് കാപ്പാടേക്കുള്ള യാത്രാമധ്യേ ഗാമ സെന്റ് മേരീസ് ദ്വീപുകളില്‍ വന്നിറങ്ങി. വിശുദ്ധ മേരിക്ക് സമര്‍പ്പണമെന്നോണം ഗാമ ഒരു കുരിശ് ദ്വീപില്‍ സ്ഥാപിച്ചു. ദ്വീപുകളിലൊന്നിന് പോര്‍ച്ചുഗീസ് ഭാഷയില്‍ നാമകരണം ചെയ്തതാണ് പിന്നീട് ദ്വീപിന്റെ പേരായി സെന്റ് മേരീസ് ഐലന്‍ഡ് ആയി പ്രശസ്തിയാര്‍ജിച്ചത്.
കാഴ്ചയുടെ എല്ലാ സൗന്ദര്യങ്ങളും പേറുന്ന കുഞ്ഞുദ്വീപിലേക്കുള്ള യാത്ര ഹൃദ്യമാണ്. ബീച്ചില്‍ നിന്ന് നോക്കിയാല്‍ കുഞ്ഞുപൊട്ട് പോലെ കാണപ്പെടുന്ന സെന്റ് മേരീസ് ദ്വീപിലേക്ക് അടുക്കുന്തോറും മനോഹാരിത കൂടി കൂടി വരും. ബീച്ചില്‍ നിന്ന് 4.5 കിലോ മീറ്റര്‍ ദൂരമുള്ള ദ്വീപിലേക്ക് ചെറുബോട്ടുകളില്‍ യാത്ര ചെയ്യാം. ബീച്ചിലെ ശബ്ദകോലാഹലങ്ങളെല്ലാം വിട്ടൊഴിഞ്ഞ് ശാന്തമായ കടല്‍പ്പരപ്പില്‍ നില്‍ക്കുന്ന ദ്വീപ്, സഞ്ചാരികളെ മാടി വിളിക്കും. ദ്വീപിലേക്കടുക്കുന്തോറും അറബിക്കടലിന്റെ വശ്യത ഏറും. പച്ച നിറത്തില്‍ ദ്വീപിനെ ചുറ്റും പരന്ന് കിടക്കുന്ന അറബിക്കടല്‍ ദ്വീപിനെ പതിയെ തഴുകിക്കൊണ്ടിരിക്കും. മാല്‍പെ ബീച്ചില്‍ നിന്ന് ഒരാള്‍ക്ക് 400 രൂപയാണ് ബോട്ടിലൂടെ സഞ്ചരിക്കാനുള്ള ഫീസ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ബോട്ട് അധികൃതര്‍ ഒരുക്കിത്തരും. ബോട്ടിനായി കൗണ്ടറിന് മുന്നിലുള്ള നടപ്പാതയില്‍ ക്യൂ നില്‍ക്കണം. നിശ്ചിത എണ്ണം ആളുകളായാല്‍ ബോട്ട് പുറപ്പെടും. കടലിന്റെ ഓളപ്പരപ്പിലൂടെയുള്ള യാത്ര നല്‍കുന്ന അനുഭവം മികവുറ്റതായിരിക്കും. നാല് മണിക്ക് ശേഷമാണ് പോകുന്നതെങ്കില്‍ ദ്വീപിലേക്കുള്ള യാത്രയും ദ്വീപും തരുന്ന അനുഭവം ഇരട്ടിയായിരിക്കും. അസ്തമയ സൂര്യന്റെ പ്രഭയില്‍ ദ്വീപിന് സൗന്ദര്യം കൂടിവരുന്നതായി കാണാം.
ദ്വീപിലെത്തിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും കുറ്റിച്ചെടികളും കാണാം. അങ്ങിങ്ങായി കിടക്കുന്ന ബസാള്‍ട്ട് ശിലകളില്‍ത്തട്ടി കുഞ്ഞുതിരമാലകള്‍ ചിതറിത്തെറിക്കുന്നു. ദ്വീപിലെ ബീച്ചില്‍ പൂഴിയോടൊപ്പം വെള്ളാരംകല്ലുകളും ശംഖുകളുടെയും കക്കകളുടെയും കുഞ്ഞുഷെല്ലുകളും നിറയെയുണ്ട്. നേരത്തെ ദ്വീപില്‍ കുളിക്കാനും കടലിലിറങ്ങാനും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദ്വീപിന്റെ ചില ഭാഗങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ചിലവഴിച്ചാല്‍ ബോട്ടില്‍ തിരികെ മടങ്ങാം. നിറയെ ഓര്‍മ്മകളുമായി.