സംസ്ഥാനത്തെ ആദ്യ 'റെസ്റ്റ് സ്റ്റോപ്പ്' തലപ്പാടിയില്‍; അന്താരാഷ്ട്ര നിലവാരത്തില്‍ വിപുലമായ സൗകര്യം
മഞ്ചേശ്വരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമകേന്ദ്രം റെസ്റ്റ് സ്റ്റോപ്പ് മഞ്ചേശ്വരം തലപ്പാടിയില്‍ സ്ഥാപിക്കുന്നതിന് നടപടികളാരംഭിച്ചു. സംസ്ഥാനത്തിനായി തിരഞ്ഞെടുത്ത പ്രത്യേക സ്ഥലങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ (ഒ.കെ.ഐ.എച്ച്) ആദ്യ സംരംഭമാണ് 'റെസ്റ്റ് സ്റ്റോപ്പ് ' സംസ്ഥാനത്ത് ആദ്യമായി മഞ്ചേശ്വരത്താണ് റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ രേഖാചിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തു.
ദേശീയ പാത കടന്നുപോകുന്ന കേരളത്തിലെ 30 മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യ കേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കുകയാണ് ഒ.കെ.ഐ.എച്ചിന്റെ പദ്ധതി. റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ട് ഔട്ട്‌ലെറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, ക്ലിനിക്ക്, ഇന്ധന സ്റ്റേഷന്‍, വാഹന അറ്റകുറ്റപ്പണി സൗകര്യങ്ങള്‍, കാരവന്‍ പാര്‍ക്കിംഗ്, ഉയര്‍ന്ന നിലവാരത്തിലുള്ള ടോയ്‌ലറ്റ് ബ്ലോക്കുകള്‍, മോട്ടല്‍ മുറികള്‍, ട്രാവലേഴ്സ് ലോഞ്ച്, കോണ്‍ഫറന്‍സ്, മീറ്റിംഗ് എന്നിവയുള്‍പ്പെടെ ഓരോ സ്ഥലത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഓരോ റെസ്റ്റ്സ്റ്റോപ്പിലും ഉണ്ടായിരിക്കും. ഓരോ റെസ്റ്റ് സ്റ്റോപ്പിനും അനുയോജ്യമായ പ്രാദേശിക ആവശ്യങ്ങളും മറ്റ് നിര്‍ദേശങ്ങളും ജില്ലാതലത്തില്‍ പരിഗണിക്കും.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ വഴിയോര സൗകര്യങ്ങളുടെ ഒരു ശൃംഖലയായി കേരളത്തില്‍ റെസ്റ്റ് സ്റ്റോപ്പ് മാറും. ആഗോള നിലവാരത്തിനൊപ്പം കിടപിടിക്കുന്ന റെസ്റ്റ് സ്റ്റോപ്പ്, റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതവും ആനന്ദകരവുമാക്കും. പ്രവാസി മലയാളികള്‍ക്ക് ലാഭകരമായി നിക്ഷേപിക്കാനും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അവരുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനുമുള്ള സാധ്യതകളാണ് റെസ്റ്റ് സ്റ്റോപ്പ് തുറന്നിടുന്നത്.