യാത്രക്കാര്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ
തമിഴ് നാട്ടില്‍ തൈര് സാദം, ലെമണ്‍ റൈസ്, പുളിസാദം തുടങ്ങിയവയാണ് റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ വിതരണം ചെയ്യുന്നത്

ചെന്നൈയില്‍ തുടക്കമിട്ട യാത്രക്കാര്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന ജനതാ ഖാന പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. നഗരത്തിലെ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ വണ്‍ സ്റ്റേഷന്‍ വണ്‍ ഉല്‍പ്പന്ന (OSOP) സ്റ്റാളുകള്‍ വിജയകരമായതിന് പിന്നാലെയാണ് റിസര്‍വ് ചെയ്യാത്ത കോച്ചുകളില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സേവനം നല്‍കുന്നതിനുള്ള ജനതാ ഖാന പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നത്.
OSOP സ്റ്റാളുകളുടെ വിജയത്തെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ സാമ്പത്തിക ഭക്ഷണ പദ്ധതി അവതരിപ്പിച്ചതായി ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. എലുമലൈ പറഞ്ഞു.
'റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് പ്ലാറ്റ് ഫോമുകളില്‍ നിന്ന് പുറത്തുപോകാതെ 20 എന്ന താങ്ങാവുന്ന വിലയ്ക്ക് ഭക്ഷണം വാങ്ങുക എന്നതാണ് ഈ പദ്ധതി. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം, ചെങ്കല്‍പ്പട്ട്, അരക്കോണം ജംഗ്ഷന്‍, കാട്പാടി എന്നിവയുള്‍പ്പെടെ 27 റെയില്‍വേ സ്റ്റേഷനുകളില്‍ വെണ്ടര്‍മാര്‍ വഴി വില്‍ക്കുന്ന ഭക്ഷണം ലഭ്യമാണ്. വളരെ ശുചിയോടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്,. യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത തുണിത്തരങ്ങളും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ ആരോഗ്യകരമായ കാര്‍ഷിക ഭക്ഷണങ്ങള്‍ വിറ്റ് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന OSOP കടകള്‍ക്ക് സബര്‍ബന്‍ ട്രെയിനുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലെ ആര്‍ഒ കുടിവെള്ള സ്റ്റാളുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പുറമേയാണ് ഈ സ്റ്റാളുകള്‍. നഗരത്തിലുടനീളമുള്ള 62 സ്റ്റേഷനുകളിലായി 84 ഒഎസ്ഒപി സ്റ്റാളുകള്‍ പ്രവര്‍ത്തിക്കാന്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. പരമ്പരാഗത ലഘുഭക്ഷണങ്ങള്‍, കാഞ്ചീപുരം സില്‍ക്ക് സാരികള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈ സ്റ്റാളുകളില്‍ വില്‍ക്കുന്നു. യാത്രക്കാരില്‍ നിന്ന് ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചെന്നൈ റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഒഎസ്ഒപിക്കും സാമ്പത്തിക ഭക്ഷണ പദ്ധതിക്കും പുറമേ, വാരാന്ത്യങ്ങളില്‍ തിരക്ക് കൂടുതലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ദക്ഷിണ റെയില്‍വേ 'താല്‍ക്കാലിക സ്റ്റാളുകള്‍' ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ ചില സ്റ്റേഷനുകളില്‍ താല്‍ക്കാലിക സ്റ്റാളുകള്‍ പരീക്ഷിച്ചുനോക്കുന്നതായും എലുമല പറഞ്ഞു.
ഒഎസ്ഒപി സ്റ്റാളുകള്‍ ഒരു നല്ല സംരംഭമാണെങ്കിലും, ഹിന്ദു കോളേജ്, പെരമ്പൂര്‍ ലോക്കോ സ്റ്റേഷനുകള്‍ പോലുള്ള പടിഞ്ഞാറന്‍ സെക്ഷനിലെ ചില സ്റ്റേഷനുകളില്‍ ചില സ്റ്റാളുകള്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഗതാഗത പ്രവര്‍ത്തകന്‍ ടി. സദഗോപന്‍ പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങളും നവീകരണവുമാണ് കടകള്‍ അടച്ചുപൂട്ടലിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ് നാട്ടില്‍ തൈര് സാദം, ലെമണ്‍ റൈസ്, പുളിസാദം തുടങ്ങിയവയാണ് റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ വിതരണം ചെയ്യുന്നത്. തിരുച്ചിറപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിലായി ജനതാ ഖാന വിതരണം ചെയ്യുന്നുണ്ട്. പൂരിയും കറിയുമാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു.