സഞ്ചാരികളുടെ ഇഷ്ട ഇടമായി ഷിറിയ അണക്കെട്ട്.. പക്ഷെ ടൂറിസം ഭൂപടത്തിലില്ല
പെര്‍ള: പുത്തിഗെ പഞ്ചായത്തിലെ മണിയംപാറ നൊണങ്കാലിലെ ഷിറിയ അണക്കെട്ട് സഞ്ചാരികളെ മാടി വിളിക്കുകയാണ്. വിനോദ സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായി ഷിറിയ അണക്കെട്ട് മാറിക്കഴിഞ്ഞ. അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലുമാണ് സന്ദര്‍ശകര്‍ കൂടുതല്‍. അണക്കെട്ട് സന്ദര്‍ശിക്കാനും നീന്താനും കുളിക്കാനുമാണ് ആളുകള്‍ എത്തുന്നത്. സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ തട്ടുകടകളൊക്കെ ഒരുക്കി പ്രാദേശിക വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് പ്രദേശവാസികള്‍. സീതാംഗോളി പെര്‍ള റോഡിലാണ് മണിയംപാറ. മണിയംപാറയില്‍ നിന്ന് രണ്ട് കി.മീ സഞ്ചരിച്ചാല്‍ അണക്കെട്ട് പരിസരത്തെത്താം. കാര്‍ഷിക ആവശ്യത്തിനായി
1950കളിലാണ് അണക്കെട്ട് നിര്‍മിച്ചത്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ജലവിതാനത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും അണക്കെട്ട് പ്രധാന പങ്കുവഹിക്കുന്നു. അണക്കെട്ട് സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അണക്കെട്ടിനടുത്തേക്കുള്ള റോഡ് കുഴികള്‍ നിറഞ്ഞ് തകര്‍ന്ന അവസ്ഥയിലാണ്. റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കി നവീകരിച്ചാല്‍ മിനി വിനോദസഞ്ചാര കേന്ദ്രമായി മാറ്റാം. ഷെറിയ അണക്കെട്ടിന് സമീപമാണ് വളര്‍ന്ന് വരുന്ന ഹൈറേഞ്ച് ടൂറിസം സ്‌പോട്ടായ പൊസടിഗുമ്പെ സ്ഥിതിചെയ്യുന്നത്. പൊസഡിഗുമ്പെയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഷിറിയ അണക്കെട്ടില്‍ ടൂറിസ സാധ്യതകളേറെയാണ്.