പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ മനോഹരമായ കാഴ്ച, ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയപ്പെട്ട സ്ഥലം; പരുന്തുംപാറ

സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സഞ്ചാരികള്‍ ഇവിടെ എത്തുന്നു

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന പരുന്തുംപാറ, 'ഈഗിള്‍ റോക്ക്' എന്നും അറിയപ്പെടുന്നു. കഴുകൻ്റെ തലയോട് സാമ്യം തോന്നിപ്പിക്കുന്ന പാറയുടെ മുകളിൽ നിന്നാൽ ആകാശം അടുത്താണെന്ന് തോന്നും. പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പച്ചപ്പു നിറഞ്ഞ വനങ്ങളുടെ സമാനതകളില്ലാത്ത കാഴ്ച ഇത് പ്രദാനം ചെയ്യുന്നു.

വളര്‍ന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സഞ്ചാരികള്‍ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാന്‍ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളര്‍ത്തിയെടുക്കാന്‍ ഉള്ള പദ്ധതികള്‍ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട്. പരുന്തുംപാറ ഒരു മറക്കാനാവാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു. തേക്കടിയിലെത്തുന്ന ഏതൊരാള്‍ക്കും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.

നെടുമ്പാശ്ശേരി-മൂന്നാര്‍, കുമരകം-തേക്കടി എന്നിവിടങ്ങളില്‍ നിന്ന് മികച്ച റോഡുകളിലൂടെ എത്തിച്ചേരാവുന്ന പരുന്തുംപാറ, കേരളത്തിലെ അപൂര്‍വ്വമായ സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നു.

പരുന്തുംപാറയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ശബരിമല വനങ്ങളുടെ സമാനതകളില്ലാത്ത കാഴ്ചയാണ്, ആകാശം തെളിഞ്ഞിരിക്കുമ്പോള്‍ അത് കൂടുതല്‍ ദൃശ്യമാകും. ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇതുവരെ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്.

മകരജ്യോതി ദര്‍ശിക്കുവാന്‍ മണ്ഡല കാലത്ത് ആയപ്പഭക്തര്‍ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ നിന്നു നോക്കുമ്പോള്‍ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകള്‍ കാണുവാന്‍ കഴിയും. മഞ്ഞു മൂടി ഇടയ്ക്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണ്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോര്‍ പാറ എന്നും അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ പരുന്തുംപാറയിലാണ് ചിത്രീകരിച്ചത്.

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് പരുന്തുംപാറ. വിനോദസഞ്ചാര കേന്ദ്രമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടില്‍ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടില്‍ നിന്ന് 6 കിലോമീറ്ററും, തേക്കടിയില്‍ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ല്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.

Related Articles
Next Story
Share it