പഹല്‍ഗാം ഭീകരാക്രമണം: തിരിച്ചടി ഭയന്ന് കശ്മീരിലെ ടൂറിസം വ്യവസായം; വിനോദയാത്രാ ബുക്കിംഗില്‍ വന്‍ ഇടിവ്

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ 5000ത്തോളം വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കിയതായി കര്‍ണാടക ടൂറിസം സൊസൈറ്റി

ബെംഗളൂരു: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്രാ ബുക്കിംഗില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം ടൂറിസം വ്യവസായത്തിന്റെ, പ്രത്യേകിച്ച് താഴ്വരയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ മനോവീര്യത്തെയും ആവേശത്തെയും സാരമായി ബാധിച്ചു. പ്രശസ്തമായ ഈ മലയോര വിനോദസഞ്ചാര കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ധാരാളം ഹോട്ടല്‍, വിമാന ബുക്കിംഗുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

കോവിഡിനുശേഷം ഗണ്യമായ വളര്‍ച്ച കൈവരിച്ച കശ്മീരിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരും സ്വകാര്യ പങ്കാളികളും നടത്തിയ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ സംഭവം കനത്ത പ്രഹരമാണെന്ന് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്‌കില്‍ കൗണ്‍സില്‍ (ടി.എച്ച്.എസ്.സി) ചെയര്‍പേഴ് സണ്‍ ജ്യോതി മായാല്‍ പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതിനുശേഷം ജൂലൈ വരെ വ്യത്യസ്ത തീയതികളിലായി കുറഞ്ഞത് 60 റദ്ദാക്കലുകളാണ് നടന്നതെന്നും തൊട്ടുപിന്നാലെ കൂടുതല്‍ പേര്‍ യാത്ര റദ്ദാക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ 5000ത്തോളം വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കിയതായി കര്‍ണാടക ടൂറിസം സൊസൈറ്റി അറിയിച്ചു. വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ജമ്മു കശ്മീര്‍ യാത്രകള്‍ ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.

ഭീകരാക്രമണം ഈ സീസണിലെ ടൂറിസം സാധ്യതകള്‍ക്ക് അന്ത്യമിട്ടതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സീസണിലേ ഇവിടേക്കുള്ള വിനോദ സഞ്ചാര സാധ്യതകള്‍ അറിയാനാവൂവെന്നാണ് കെ ടി എസ് പറയുന്നത്.യാത്ര ക്യാന്‍സല്‍ ചെയ്യുന്നത് മൂലമുള്ള ധന നഷ്ടം പരിഗണിക്കാതെയാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുകിട യാത്രാ സംരംഭങ്ങളിലൂടെ യാത്ര റദ്ദാക്കിയവരുടെ എണ്ണം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ആയിരത്തിലേറെ ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ തന്നെ നൂറോളം പേരാണ് കെടിഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണം ആഭ്യന്തര സഞ്ചാരികളെ മാത്രമല്ല വിദേശ സഞ്ചാരികളേയും ബാധിച്ചതായാണ് അധികൃതരുടെ വിലയിരുത്തല്‍. ജൂണ്‍ വരെയുള്ള ജമ്മു കശ്മീര്‍ യാത്രകള്‍ക്കുള്ള സാധ്യതകള്‍ തുടച്ച് മാറ്റുന്നതാണ് നിലവിലെ നീക്കമെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരും ജമ്മു കശ്മീര്‍ സര്‍ക്കാരും തീരുമാനിക്കുന്നത് അനുസരിച്ചാവും ഇനിയുള്ള ജമ്മു കശ്മീര്‍ വിനോദ സഞ്ചാരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എത്ര സ്ഥലങ്ങള്‍ പതിവ് രീതിയില്‍ തുറന്ന് നല്‍കുമെന്നതാണ് ഇനി കാണേണ്ടത്. വിവിധ മതപരമായ യാത്രകളേയും ഭീകരാക്രമണം ബാധിക്കുമെന്നാണ് നിരീക്ഷണം.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച ഉച്ചയോടെ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിരുന്നു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയില്‍ ഉള്ളത്.

ശ്രീനഗറിലും പഹല്‍ഗാമിലും കുറഞ്ഞത് മൂന്ന് ഹോട്ടലുകളുടെ ഉടമയായ സുഹൈല്‍ അഹമ്മദ്, നിരപരാധികളായ വിനോദസഞ്ചാരികളെ കൊല്ലുന്നത് കേന്ദ്രഭരണ പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞു.

'സംഭവം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് പറഞ്ഞ അദ്ദേഹം ഈ വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഒരിക്കലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ല. ഇത് കശ്മീരിലെ ടൂറിസം വ്യവസായത്തെ നശിപ്പിക്കും. കേന്ദ്രഭരണ പ്രദേശം 90 ശതമാനവും വിനോദസഞ്ചാരികളെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനോഹരമായ സ്ഥലങ്ങള്‍ കാരണം ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കശ്മീരിലെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിലൊന്നാണ് പഹല്‍ഗാം. തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹയിലേക്കുള്ള രണ്ട് വഴികളില്‍ ഒന്നെന്ന നിലയിലും ഈ പട്ടണം പ്രധാനമാണ്.

2018 ല്‍ കശ്മീരിലേക്ക് 56,000 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 8.3 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. 2020 ല്‍ കാല്‍നടയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ് വെറും 41,000 ആയി. ജമ്മു കശ്മീര്‍ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, ആ വര്‍ഷം 3,900 വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം കശ്മീരിലെ മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 29.5 ലക്ഷമായിരുന്നു, ഏകദേശം 66,000 വിദേശ സന്ദര്‍ശകരും.

ജമ്മു & കാശ്മീരിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ ശ്രമം നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 2023 ല്‍ ശ്രീനഗറില്‍ ഒരു ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗും സംഘടിപ്പിച്ചു. പുതിയ സംഭവത്തോടെ വിനോദ സഞ്ചാര മേഖലയ്ക്ക് കോട്ടം തട്ടുമെന്ന ഭയമാണ് മിക്കവര്‍ക്കും.

Related Articles
Next Story
Share it