ബംഗളൂരു അല്ല; ഗതാഗതക്കുരുക്ക് കൂടുതലുള്ളത് ഈ ഇന്ത്യന്‍ നഗരത്തില്‍
ഡച്ച് ലൊക്കേഷന്‍ ടെക്നോളജി സ്ഥാപനമായ ടോം ടോം ട്രാഫിക് ഇന്‍ഡക്സ് 2024 പ്രകാരം യാത്രാ സമയത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ വേഗമുള്ള രണ്ടാമത്തെ നഗരമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത. ഗതാഗതക്കുരുക്ക് കൊല്‍ക്കത്തയില്‍ വെല്ലുവിളിയായി തുടരുകയാണ്. 10 കി.മീ പിന്നിടണമെങ്കില്‍ ശരാശരി 34 മിനിറ്റും 33 സെക്കന്‍ഡും വേണം. 10 കി.മീ പിന്നിടാന്‍ ശരാശരി 36 മിനിറ്റും 6 സെക്കന്‍ഡും യാത്രാസമയമുള്ള കൊളംബിയയിലെ ബാരന്‍ക്വില്ല എന്ന നഗരത്തിന് പിന്നിലാണ് കൊല്‍ക്കത്ത.
ഏറ്റവും വേഗത കുറഞ്ഞ യാത്രാ സമയങ്ങളില്‍ ബാരന്‍ക്വില്ല ഒന്നാം സ്ഥാനത്താണെങ്കിലും, തിരക്ക് സൂചികയില്‍ കൊല്‍ക്കത്തയുടെ 169-ാം സ്ഥാനത്തെ അപേക്ഷിച്ച് 16-ാം സ്ഥാനത്താണ് ബാരന്‍ക്വില്ല. കൊളംബിയന്‍ നഗരത്തിന്റെ ശരാശരി വേഗത മണിക്കൂറില്‍ 21.6 കിലോമീറ്ററാണ്. കൊല്‍ക്കത്തയില്‍, മണിക്കൂറില്‍ 14.5 കിലോമീറ്റര്‍ വേഗതയിലാണ് ട്രാഫിക് ഇഴഞ്ഞു നീങ്ങുന്നത്.
ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളും സമാനമായ ഗതാഗത പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പത്ത് കിലോ മീറ്റര്‍ പിന്നിടാന്‍ 34 മിനിറ്റും 10 സെക്കന്‍ഡും ശരാശരി യാത്രാ സമയം വേണ്ടി വരുന്ന ബംഗളൂരു നഗരം കൊല്‍ക്കത്തയ്ക്ക് തൊട്ടുപിന്നിലുണ്ട്. ആഗോള സൂചികയില്‍ ബംഗളൂരു മൂന്നാം സ്ഥാനത്താണ്. ശരാശരി 33 മിനിറ്റും 22 സെക്കന്‍ഡും യാത്രാസമയം വേണ്ടി വരുന്ന പൂനെ നാലാം സ്ഥാനത്താണ്. 10 കി.മീ യാത്രയ്ക്ക് ശരാശരി 23 മിനിറ്റ് യാത്രാസമയമുള്ള ന്യൂഡല്‍ഹി സൂചികയില്‍ പത്താം സ്ഥാനത്താണ്. ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ ഇടം നേടി.
പഠനം നടത്തിയ 500 നഗരങ്ങളില്‍ 76 ശതമാനവും 2023 നെ അപേക്ഷിച്ച് ശരാശരി വേഗതയില്‍ ഇടിവ് കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്