അനാവശ്യമായി ഫാസ്റ്റ്ടാഗ് വാലറ്റില്‍ നിന്ന് പണം നഷ്ടമാകുന്നു; നടപടിയുമായി എന്‍.എച്ച്.എ.ഐ

ഫാസ്റ്റ് ടാഗ് വാലറ്റില്‍ നിന്ന് അനാവശ്യമായി പണം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ. 250 ഓളം ടോള്‍ പിരിവുകാര്‍ക്കെതിരെ അതോറിറ്റി ഇതുവരെ നടപടിയെടുത്തു.
ടോള്‍ ബൂത്ത് കടന്നുപോയില്ലെങ്കിലും വീട്ടിലോ വേറെ എവിടെയങ്കിലുമോ വാഹനം പാര്‍ക്ക് ചെയ്ത ഘട്ടത്തിലും ഫാസ്റ്റ് ടാഗ് ഉപയോക്താക്കള്‍ക്ക് വാളറ്റില്‍ നിന്ന് പണം പിന്‍വലിച്ചതായി മെസ്സേജ് വരുന്നുവെന്നാണ് പരാതി. ടോള്‍ ഓപ്പറേറ്ററുടെ വീഴ്ച മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വാഹന നമ്പര്‍ തെറ്റായി രേഖപ്പെടുത്തുന്നതും ഫാസ്റ്റ് ടാഗ് കൃത്യമായി വായിക്കാന്‍ പറ്റാത്ത ഘട്ടത്തിലുമൊക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ മാനേജ്‌മെന്റ് ബോഡിയായ ഐ.എച്ച്.എം.സി.എല്‍ ഇത്തരം കൃത്യവിലോപത്തില്‍ ഒരു ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. മാസംതോറം 50 ഓളം പരാതികളാണ് ലഭിക്കുന്നത്.