കണ്ണൂരിലേക്ക് പോകുമ്പോള്‍ ഈ ഗുഹ സന്ദര്‍ശിക്കാന്‍ മടിക്കരുത്; താരമായി കുഞ്ഞിപ്പറമ്പ കേവ്‌സ് എന്ന മിനി ഗുണാ കേവ്
സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ കാണാന്‍ വേനല്‍ക്കാലത്ത് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്

കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗുഹയാണ് കുഞ്ഞിപ്പറമ്പ കേവ്‌സ് എന്നറിയപ്പെടുന്ന കുഞ്ഞിപ്പറമ്പ ഗുഹ. 'മിനി ഗുണാ കേവ്' എന്നാണ് നാട്ടുകാര്‍ക്കിടയില്‍ ഈ ഗുഹ അറിയപ്പെടുന്നത്. പയ്യാവൂരിന് അടുത്ത് ഇരിട്ടി പേരാവൂറിലെ ചന്ദനയ്ക്കാം പാറയ്ക്കടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ കാണാന്‍ വേനല്‍ക്കാലത്ത് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള സാഹസിക യാത്രയ്ക്കും ഫോട്ടോ എടുക്കാനും പറ്റിയ മികച്ച ടൂറിസ്റ്റ് പ്ലേസ് ആണിത്. കണ്ണൂരില്‍ നിന്ന് 46 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
ഏകദേശം 500 മീറ്റര്‍ നീളമുള്ള ഈ ഗുഹ സ്വയം രൂപപ്പെട്ടതും പ്രകൃതിദത്തമായ ഒരു ഗുഹാ സംവിധാനവുമാണ്. ശരാശരി അഞ്ചു മുതല്‍ പതിനഞ്ചു മീറ്ററാണ് ഇതിന്റെ ഉയരം. ഏകദേശം 10 മീറ്റര്‍ വീതിയും ഉണ്ട്. ഗുഹയുടെ ചില ഭാഗങ്ങളില്‍ ഉയരം 1മീറ്റര്‍ വരെ കുറയുകയും ചിലയിടത്ത് 15 മീറ്റര്‍ വരെയും ഉണ്ടാകും. 1 മീറ്റര്‍ ഉയരമുള്ളിടത്ത് നമ്മള്‍ മുട്ടില്‍ ഇഴഞ്ഞു നടക്കേണ്ടതായി വരും.
ഗുഹയ്ക്കകത്ത് പ്രവേശിച്ചാല്‍ എങ്ങും ഇരുട്ടായിരിക്കും. അതുകൊണ്ടുതന്നെ കയ്യില്‍ നിര്‍ബന്ധമായും ഒരു ടോര്‍ച് കരുതേണ്ടതുണ്ട്. ഗുഹയിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിനുള്ള പടികള്‍ രൂപകല്‍പ്പന ചെയ്തതില്‍ ഒരു പ്രാദേശിക പുരോഹിതന്‍ പ്രധാന പങ്കുവഹിച്ചതായി പ്രദേശവാസികള്‍ പറയുന്നു.
ഇരുട്ട് മൂടിയ ഗുഹയില്‍ കയറി ഏകദേശം 100 മീറ്റര്‍ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം കാണാം. അതില്‍ നിന്നും പ്രകാശം ഉള്ളിലേക്കു പതിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. പുറത്ത് എത്ര ചൂടുണ്ടെങ്കിലും ഉള്ളില്‍ നല്ല തണുപ്പാണ്. ധാരാളം ചെങ്കല്ലുകള്‍ പൊട്ടി വീണതിനാല്‍ ഗുഹയുടെ ഉള്ളില്‍ കൂടിയുള്ള വഴിയിലൂടെ ശ്രദ്ധിച്ചു നടക്കണം. ഇവിടുത്തെ 'ലൈറ്റ് ഹോളില്‍' എത്താന്‍ നിങ്ങള്‍ ഇഴഞ്ഞു നീങ്ങേണ്ടതുണ്ട്. വവ്വാലുകളുടെ സാന്നിധ്യവും ഉണ്ട്. അതുകൊണ്ടു തന്നെ ഓരോ ചുവടും സൂക്ഷിച്ച് വേണം.
മഴക്കാലത്ത് ഗുഹകള്‍ അപകടകരമാണ്. എന്നാല്‍ ഇവിടെ നിന്ന് ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഗുഹ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, വിനോദസഞ്ചാരത്തിനായി ഇത് ഔദ്യോഗികമായി ഏറ്റെടുക്കാന്‍ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും ഇവിടെ എല്ലാ ദിവസവും രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണിവരെ സന്ദര്‍ശകര്‍ എത്താറുണ്ട്.
ഈ ഗുഹ ഇപ്പോള്‍ താരമായിരിക്കുകയാണ്. അടുത്ത് പുറത്തിറങ്ങിയ ഡൊമനിക് അരുണിന്റെ 'ലോക: ചാപ്റ്റര്‍ വണ്‍ -ചന്ദ്ര' എന്ന സിനിമയില്‍ ഗുഹയില്‍ നിന്നെടുത്ത ദൃശ്യങ്ങളും ഉണ്ട്. ചിത്രം പുറത്തിറങ്ങിയതോടെ ഗുഹയെ കുറിച്ചറിയാനുള്ള ആകാംക്ഷയിലാണ് ഓരോരുത്തരും. സിനിമയുടെ അവതരണ രീതി കൂടുതല്‍ റിയാലിസ്റ്റിക്കായി കാണികളിലേക്ക് എത്തിക്കാന്‍ ഈ ലൊക്കേഷനുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്.