ഇനി യാത്ര സുഖകരം; കുളുവില്‍ നിന്നും പുതിയ റോപ് വേ

വിനോദ സഞ്ചാരകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഹിമാചല്‍പ്രദേശ്. ഒരുപാട് സ്ഥലങ്ങളാണ് ഇവിടെ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. സഞ്ചാരികളുടെ യാത്ര സുഖകരമാക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കുളുവില്‍ നിന്നും പുതിയ റോപ് വേ പദ്ധതി തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഹിമാചല്‍പ്രദേശ്.
80 കോടി രൂപ ചെലവില്‍ പീജ് പാരഗ്ലൈഡിങ് പോയിന്റിലേക്ക് ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുളു ബസ് സ്റ്റാന്‍ഡില്‍ നിന്നും പീജ് പാര ഗ്ലൈഡിങ് പോയിന്റിലേക്കാണ് പുതിയ റോപ് വേ.
പാരഗ്ലൈഡിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതോടെ പീജിലേക്കുള്ള യാത്രകള്‍ കൂടുതല്‍ ആകര്‍ഷകമായി മാറും. ഹിമാചല്‍ പ്രദേശിലെ പാരഗ്ലൈഡിങിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പീജ്. ഹിമാചല്‍ പ്രദേശിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുന്നിലേക്കെത്താന്‍ പീജിനെ ഈ റോപ് വേ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സാഹസിക വിനോദ സഞ്ചാരം, ആത്മീയ വിനോദ സഞ്ചാരം, വാട്ടര്‍ സ്പോര്‍ട്സ് എന്നിങ്ങനെ വ്യത്യസ്ത സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒരേസമയം യാത്രാ സമയം കുറയ്ക്കാനും വഴി നീളെയുള്ള മനോഹര പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനും പുതിയ പദ്ധതി സഞ്ചാരികളെ സഹായിക്കും. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഹിമാചല്‍ പ്രദേശിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ റോപ് വേ പദ്ധതി.
ഹിമാചല്‍ പ്രദേശിലെ മനോഹര താഴ്വരയായ ലുഗ് താഴ്വരയുടെ കവാടമായാണ് പീജ് അറിയപ്പെടുന്നത്. മനോഹരമായ പ്രകൃതി ഭംഗികളാല്‍ അനുഗ്രഹീതമാണ് ഇവിടെ. പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കുന്നതാണ് പുതിയ റോപ് വേ പദ്ധതി. ഇത് പ്രദേശവാസികളുടെ വിനോദ സഞ്ചാരം വഴിയുള്ള വരുമാനത്തേയും വര്‍ധിപ്പിക്കും.
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള ഹോട്ടല്‍, ഹോംസ്റ്റേ വ്യവസായങ്ങള്‍ക്കും പ്രദേശവാസികളായ ഗൈഡുകള്‍ക്കും പുതിയ പദ്ധതി ഗുണം ചെയ്യും. സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്രാമാര്‍ഗം ലഭിക്കുകയും ചെയ്യും.
പ്രകൃതിക്ക് ദോഷം വരുത്താത്ത വിനോദ സഞ്ചാര മാതൃകകളെയും ഹിമാചല്‍ പ്രദേശ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ സവിശേഷ പ്രകൃതിയെ പരമാവധി കാത്തു സൂക്ഷിക്കാനും വിനോദ സഞ്ചാരം വഴി പ്രകൃതിക്ക് സംഭവിക്കുന്ന ചൂഷണങ്ങളെ കുറക്കാനും സഹായിക്കും.
പ്രകൃതി ഭംഗിയും വിഭവങ്ങളും വരും തലമുറക്ക് കൂടി ആസ്വദിക്കാനാവുന്ന രീതിയില്‍ സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാരത്തിനാണ് ഹിമാചല്‍ പ്രദേശ് ശ്രമിക്കുന്നത്. പുതിയ റോപ് വേ പദ്ധതിയും ഈ ലക്ഷ്യം വച്ചുള്ളതാണ്.