കൊച്ചിക്ക് ഇനി ഡബിള്‍ ഡക്കര്‍ അഴക്.. സായാഹ്ന കാഴ്ചകള്‍ കാണാം മതിവരുവോളം..

സഞ്ചാരികള്‍ക്ക് കാഴ്ച അനുഭവം സമ്മാനിക്കാന്‍ കെ.എസ്.ആര്‍.ടി.സി തുറന്ന ഡബിള്‍ ഡക്കര്‍ വൈകാതെ സര്‍വീസ് ആരംഭിക്കും

കൊച്ചിയുടെ സായാഹ്ന, നിശാ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി ഡബിള്‍ ഡക്കറിനെ കൂട്ടുപിടിക്കാം. കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ഇനി നഗരം ചുറ്റും. തലശ്ശേരി പൈതൃക ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡബിള്‍ ഡക്കറാണ് കൊച്ചിയിലേക്ക് മാറ്റിയത്. തുറന്ന ഡക്കറില്‍ കൊച്ചിയുടെ കാഴ്ചകള്‍ വിനോദസഞ്ചാരികള്‍ക്കും കൊച്ചിക്കാര്‍ക്കും പുത്തന്‍ അനുഭവമാകും. എം.ജി റോഡിലൂടെ മാധവ് ഫാര്‍മസി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയെങ്കിലും ഇടുങ്ങിയ വഴികളും മരച്ചില്ലകളും കെട്ടിടങ്ങളും തടസ്സം സൃഷ്ടിച്ചതിനാല്‍ റൂട്ട് മാറ്റി. ഹൈക്കോടതി സമീപത്ത് നിന്ന് ആരംഭിച്ച് കണ്ടെയ്‌നര്‍ റോഡിലൂടെ ചേരാനെല്ലൂര്‍ ജംഗ്ഷനിലെത്തി ഇടപ്പള്ളി, കുണ്ടന്നൂര്‍, തോപ്പുംപടി വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5ന് രാത്രി 8 വരെ നീളുന്ന യാത്രയില്‍ 39 കിലോ മീറ്റര്‍ യാത്രയാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബസ്സിന്റെ മുകളില്‍ 40 പേര്‍ക്കും താഴെ 30 പേര്‍ക്കും ഇരിക്കാനാവും. പ്രത്യേകം സീറ്റിംഗ് അറേഞ്ച്‌മെന്റ് ആയതിനാല്‍ കാഴ്ചകള്‍ കാണാന്‍ തടസ്സമുണ്ടാവില്ല. മികച്ച നിലവാരത്തിലുള്ള ഓഡിയോ സംവിധാനത്തിലൂടെ കാഴ്ചകളുടെ വിവരണവും യാത്രികര്‍ക്ക് നല്‍കും.

ഗൃഹാതുരത ഓര്‍മ്മപ്പെടുത്തുന്ന പരമ്പരാഗത ഡബിള്‍ ക്ലച്ച് മെക്കാനിസത്തോടു കൂടി, എറണാകുളം മെയിന്‍ ഡിപ്പോയില്‍ നവീകരിച്ച ബസ് എല്ലാ യാത്രക്കാര്‍ക്കും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും.

മുകളിലെ ഒരു സീറ്റീന് 200 ഉം താഴെ ഒരു സീറ്റിന് 100 ഉം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്മസ്, പുതുവര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് തന്നെ കെ.എസ്.ആര്‍.ടി.സി മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം വിജയിച്ചാല്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it