വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍: വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയില്‍ നിന്നും കരകയറാനായി നിരവധി പദ്ധതികളാണ് കെ എസ് ആര്‍ ടിസി അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ പാക്കേജും. അഞ്ചോളം പാക്കേജുകളാണ് വനിതകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോ ആണ് പാക്കേജുകള്‍ നല്‍കുന്നത്. പാക്കേജുകള്‍ മാര്‍ച്ച് ആദ്യം ആരംഭിക്കും.

കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, മൂകാംബിക, മൂന്നാര്‍, കൊച്ചി എന്നീ ജില്ലകളിലൂടെയാണ് യാത്ര. ഭക്ഷണവും എന്‍ട്രന്‍സ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാര്‍ജും ഉള്‍പ്പെടെയാണ് പാക്കേജ്.

ഏഴ്, 21 തീയതികളില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പാക്കേജില്‍ കുടജാദ്രി, ഉഡുപ്പി, മധൂര്‍, അനന്തപുര ക്ഷേത്രദര്‍ശനവും ബേക്കല്‍ കോട്ട സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21ന് പുറപ്പെടുന്നവര്‍ക്ക് രഥോത്സവം കാണാനുള്ള അവസരവും ലഭിക്കും.

എട്ടിന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് നിലമ്പൂര്‍ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് മലപ്പുറത്തെ മിസ്റ്റി ലാന്‍ഡ് പാര്‍ക്കിലെത്തുന്ന രീതിയിലാണ് സ്ത്രീകള്‍ക്കു മാത്രമായുള്ള പാക്കേജ് ഒരുക്കിയിട്ടുള്ളത്.

അന്നേ ദിവസം തന്നെ രാവിലെ 5.45-ന് പുറപ്പെട്ട് വയനാട് പഴശ്ശി സ്മൃതിമണ്ഡപം, കുറുവ ദ്വീപ്, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദര്‍ശിച്ച് രാത്രി 10-ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന മറ്റൊരു പാക്കേജുമുണ്ട്.

ഏഴ്, 21 തീയതികളില്‍ മൂന്നാര്‍ ട്രിപ്പും ഉണ്ടാകും. 14, 29 തീയതികളിലെ ഗവി പാക്കേജില്‍ കുമളി, കമ്പം, രാമക്കല്‍ മേട്, തേക്കടി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം.

കോഴിക്കോട് കടലുണ്ടി പക്ഷിസങ്കേതത്തിലൂടെയുള്ള വഞ്ചിസവാരി, കാപ്പാട് ബീച്ച്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉള്‍പ്പെടുത്തി ഒന്‍പത്, 23 തീയതികളില്‍ കടലുണ്ടി യാത്രയുമുണ്ട്. സീ ഫുഡ്, വഞ്ചിസവാരി എന്നിവ ഈ പാക്കജിന്റെ ഭാഗമാണ്. 15ന് രാവിലെ 5.30-ന് പുറപ്പെട്ട് കൊച്ചിയില്‍ അഞ്ച് മണിക്കൂര്‍ ക്രൂസില്‍ സഞ്ചരിച്ച് 16-ന് തിരിച്ചെത്തുന്ന ആഡംബര നൗകയാത്ര നെഫര്‍റ്റിറ്റി പാക്കേജും ഈ മാസമുണ്ട്. ഫോണ്‍: 9497007857, 8089463675.

വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി

Related Articles
Next Story
Share it