കൊച്ചിക്ക് പ്രൗഢിയേകാന്‍ ഇനി മെട്രോ ഇ-ബസ്;ആദ്യ സര്‍വീസില്‍ റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ ചുവടുവെപ്പായ കൊച്ചി ഇലക്ട്രിക് ബസ് സര്‍വീസ് യാത്ര തുടങ്ങി.ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ-ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ യു.എസ്.ബി പോര്‍ട്ടും ലഭ്യമാണ്. കണക്റ്റിവിറ്റി സൗകര്യങ്ങളില്‍ ഉണ്ടാകുന്ന മുന്നേറ്റം കൊച്ചിയിലേക്ക് കൂടുതല്‍ നിക്ഷേപവും ആകര്‍ഷിക്കാന്‍ സഹായകമാകും.

ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലായിരുന്നു ആദ്യ സര്‍വീസ്. ആദ്യ സര്‍വീസിനോട് യാത്രക്കാര്‍ക്ക് മികച്ച പ്രതികരണമായിരുന്നു. 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷന്‍ 1,18,180 രൂപയാണ്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സര്‍വ്വീസ് നടത്തിയത്. ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളില്‍ ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസുകള്‍ ആരംഭിക്കും.

ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it