ഒരു വര്‍ഷം കൊണ്ട് 25000 പേര്‍ക്ക് ആതിഥ്യമൊരുക്കി കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച്; ഇതുവരെ നടന്നത് 12000 ബുക്കിങ്ങ്
50000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോഞ്ചില്‍ 37 മുറികളും 4 സീറ്റുകളും ഉണ്ട്

ഒരു വര്‍ഷം പിന്നിട്ട് കൊച്ചി വിമാനത്താവളത്തിലെ 0484എയ്‌റോ ലോഞ്ച്. ഒരു വര്‍ഷം കൊണ്ട് 25000 പേര്‍ക്കാണ് കൊച്ചി വിമാനത്താവളത്തിലെ 0484എയ്‌റോ ലോഞ്ച് ആതിഥ്യമൊരുക്കിയിട്ടുള്ളത്. സിയാലിന്റെ വ്യോമേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്ത ലോഞ്ച് ഒക്ടോബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതുവരെ 12000 ബുക്കിങ്ങ് നടന്നു. 50000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോഞ്ചില്‍ 37 മുറികളും 4 സീറ്റുകളും ഉണ്ട്. 3 ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോവര്‍ക്കിങ് സ്‌പേസ്, ജിം, സ്പാ, ലൈബ്രറി തുടങ്ങിയവയും ഉണ്ട്. ആറ്, 12, 24 മണിക്കൂര്‍ എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ ബുക്ക് ചെയ്യുന്നതിന് ഫ്‌ലെക്‌സി നിരക്കുകള്‍ ഉള്ളതിനാല്‍ താമസത്തിനു പുറമേ യാത്രയ്ക്കു മുന്‍പും ശേഷവും വിശ്രമിക്കാനും സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. യാത്രക്കാരും സന്ദര്‍ശകരും ലോഞ്ച് കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പ്രവാസികള്‍ക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ കേന്ദ്രമായി മാറുകയാണ്.
മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് അനുഭവമാണ് ഇവിടെ ലഭിക്കുക. വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയയ്ക്കു പുറത്ത് രാജ്യാന്തര ആഭ്യന്തര ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് സ്ഥിതി ചെയ്യുന്നത്. കായലും വള്ളവും സസ്യജാലങ്ങളുമെല്ലാം ഉള്‍ക്കൊളളുന്നതാണ് ലോഞ്ചിന്റെ രൂപകല്‍പന.
കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ മീറ്റിംഗുകള്‍ക്കായും മറ്റും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകര്‍ഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകള്‍, പത്രസമ്മേളനങ്ങള്‍, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ലോഞ്ചിനകത്തായി കഫേയും റീട്ടെയില്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടര്‍മിനലിന് തൊട്ടടുത്തായതിനാല്‍ രാത്രി യാത്രക്കാര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമ കേന്ദ്രമായി ഇത് മാറുന്നു. സിയാലിന്റെ വ്യോമേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ നിര്‍മാണം.