അറിയാം ആറ് വരിപ്പാതയിലെ ഡ്രൈവിംഗ്; ഇനി വാഹനമോടിക്കല്‍ പഴയപോലെ അല്ല
സംസ്ഥാനത്തെ ആറ് വരിപ്പാതയില്‍ ഇനി പഴയ പോലെ വാഹനമോടിച്ചാല്‍ എട്ടിന്റെ പണി വരും. ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ഇനി ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

സംസ്ഥാനത്ത് ദേശീയപാതാ 66ന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ഇടങ്ങളില്‍ ആറ് വരി പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഓരോ റീച്ചിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ തുറന്നുകൊടുക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആറ് വരിപ്പാതയില്‍ ഇനി പഴയ പോലെ വാഹനമോടിച്ചാല്‍ എട്ടിന്റെ പണി വരും. ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ഇനി ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍.
ഒരു ദിശയില്‍ മൂന്ന് വരികള്‍. ഇരു ദിശകളിലുമായി ആറ് വരികള്‍. ഇവ പ്രത്യേകം ലൈന്‍ വരച്ച് വേര്‍തിരിച്ചിട്ടുണ്ടാവും. ഏത് ദിശയിലേക്കാണോ പോകുന്നത് അതിന്റെ ഏറ്റവും ഇടത്തേ അറ്റത്തുള്ള ലൈന്‍ ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ് ഓടിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്ക് ലോറികള്‍, ഓട്ടോ റിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഈ ലൈനിലൂടെ വേണം സഞ്ചരിക്കാന്‍.
മധ്യഭാഗത്തെ ലൈന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ്. കാര്‍, ജീപ്പ്, മിനി ട്രക്ക്, മിനി വാന്‍ തുടങ്ങിയവ ഇതിലൂടെ പോകണം. ഇടത് ലൈനിലുള്ള വാഹനത്തിന് മുന്നിലുള്ള വാഹനത്തെ മറികടക്കാനും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കാം. മറികടക്കാന്‍ അല്ലാതെ വേഗത കുറച്ച് പോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കരുത്.
മധ്യഭാഗത്തെ ലൈനിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ വേണ്ടി ഉപയോഗിക്കേണ്ടതാണ് മൂന്നാമത്ത ലൈന്‍ അഥവാ ഏറ്റവും വലതുവശത്തുള്ള ലൈന്‍. മറികടന്നാല്‍ മധ്യലൈനിലേക്കുതന്നെ തിരിച്ച് കയറണം.
അടിയന്തിരമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കുള്ളതാണ് മൂന്നാമത്തെ ലൈന്‍ .
പിറകിലുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ സൂചനകള്‍ നല്‍കിയും വാഹനത്തിലെ കണ്ണാടി നോക്കിയും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ആറ് വരി പാതയിലൂടെ വാഹനമോടിക്കാം.