കേദാര്‍നാഥ് യാത്ര 2025: ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ആരംഭിച്ച് ഐആര്‍സിടിസി; റൂട്ടുകള്‍, നിരക്കുകള്‍, ബുക്ക് ചെയ്യുന്ന വിധം, അറിയാം വിശദമായി

ഹെലിക്കോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് കേദാര്‍നാഥ് യാത്രയുടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദരണീയവും പ്രധാനപ്പെട്ടതുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് യാത്ര. 2025 ല്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതോടെ മതപരമായ യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ആണ് കേദാര്‍നാഥ് യാത്രികര്‍ക്കായി ഹെലിക്കോപ്റ്റര്‍ സേവനം ആരംഭിച്ചത്.

ഉത്തരാഖണ്ഡിലെ ഗര്‍ഹ് വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒരു തീര്‍ഥാടന കേന്ദ്രമാണ് ഇത്. ഇവിടേക്കുള്ള യാത്രയ്ക്ക് ഇപ്പോള്‍ ഹെലിക്കോപ്റ്റര്‍ സൗകര്യം കൂടി എത്തുന്നതോടെ കൂടുതല്‍ വിശ്വാസികള്‍ക്ക് ഈ യാത്ര ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഐആര്‍സിടിസിയുടെ കണക്കുകൂട്ടല്‍.

യാത്രാസമയവും ബുദ്ധിമുട്ടുകളും ഒഴിവാകും എന്നതിനൊപ്പം അതിമനോഹരമായ ആകാശ കാഴ്ചകളും കേദാര്‍നാഥിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്രയില്‍ സാധ്യമാകുമെന്നതിനാല്‍ നിരവധി തീര്‍ഥാടകരെ കേദാര്‍നാഥിലേക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം സഞ്ചരിക്കുന്നതിന് പ്രേരിപ്പിക്കാം.

ഐആര്‍സിടിസിയുടെ ഹെലിയാത്ര പോര്‍ട്ടല്‍ വഴി ഔദ്യോഗികമായി ഹെലിക്കോപ്റ്റര്‍ യാത്രയുടെ ബുക്കിങ് നടത്താനാവും. മേയ് രണ്ടു മുതല്‍ 31 വരെ കേദാര്‍നാഥ് യാത്ര നടത്തുന്നവര്‍ക്ക് ഹെലിക്കോപ്റ്റര്‍ സേവനവും ആസ്വദിക്കാന്‍ അവസരം ലഭിക്കും. ഇതോടെ കേദാര്‍ നാഥ് യാത്രയ്‌ക്കെത്തുന്നവരുടെ സൗകര്യം വര്‍ധിക്കുക മാത്രമല്ല ഹിമാലയത്തിന്റെ ഭംഗി ആകാശത്തു നിന്നും ആസ്വദിക്കാനുള്ള അവസരവും കൂടിയാണ് ലഭിച്ചിരിക്കുന്നത്.

ഹെലിക്കോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് കേദാര്‍നാഥ് യാത്രയുടെ റജിസ്ട്രേഷന്‍ ആദ്യം യാത്രികര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉത്തരാഖണ്ഡ് ടൂറിസം വെബ് സൈറ്റ് വഴിയാണ് കേദാര്‍നാഥ് യാത്രാ റജിസ്ട്രേഷന്‍ നടത്തേണ്ടത്. ഇതിനായി പുതിയ ഉപയോക്താക്കള്‍ വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്.

യാത്രയുടെ സമയം, യാത്രികരുടെ എണ്ണം, യാത്രാ ദിവസം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ നല്‍കിയ ശേഷം റജിസ്ട്രേഷന്‍ ലെറ്റര്‍ ഡൗണ്‍ ലോഡ് ചെയ്തെടുക്കാനാവും. ഹെലിയാത്ര പോര്‍ട്ടലില്‍ ഹെലിക്കോപ്റ്റര്‍ ടിക്കറ്റ് ബുക്കു ചെയ്യുന്നതിന് ഈ രേഖകള്‍ ആവശ്യമാണ്.

മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കി കൊണ്ട് ഹെലിക്കോപ്റ്റര്‍ യാത്രയുടെ ബുക്കിങ് നടത്താം. ഒടിപി വെരിഫിക്കേഷനു ശേഷം യാത്രയുടെ റജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിക്കൊണ്ടാണ് ലോഗിന്‍ ചെയ്യുന്നത്. ഇതിനു ശേഷം ഹെലിക്കോപ്റ്റര്‍ യാത്രാ തീയതി, സമയം, യാത്രികരുടെ എണ്ണം എന്നിവ നല്‍കി പണം അടക്കാനാവും. ഓരോ യൂസര്‍ക്കും രണ്ട് ടിക്കറ്റുകളാണ് പരമാവധി ബുക്ക് ചെയ്യാനാവുക. ഒരു ടിക്കറ്റില്‍ ആറ് യാത്രികര്‍ക്ക് വരെ സഞ്ചരിക്കാനാവും.

മൂന്നു സ്ഥലങ്ങളില്‍ നിന്നാണ് കേദാര്‍നാഥിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്ര ഒരുക്കിയിട്ടുള്ളത്. ഫാത്ത(6,063 രൂപ), സിര്‍സി(6,061 രൂപ), ഗുപ്ത്കാശി(8,533 രൂപ) എന്നീ മൂന്നു സ്ഥലങ്ങളില്‍ നിന്നും കേദാര്‍നാഥിലേക്കെത്തി തിരിച്ചു വരുന്നതിനുള്ള തുകയാണ് ടിക്കറ്റ് ചാര്‍ജായി നല്‍കേണ്ടി വരിക.

യാത്ര ഒഴിവാക്കേണ്ടി വന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും അവസരമുണ്ടാവും. അഞ്ചു മുതല്‍ ഏഴു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കിക്കൊണ്ട് ബാക്കിയുള്ള പണം അക്കൗണ്ടിലെത്തുകയും ചെയ്യും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെയാണ് ടിക്കറ്റ് റദ്ദാക്കാനുള്ള അവസരമുണ്ടാവുക. അതിനുശേഷമുള്ള റദ്ദാക്കലുകള്‍ക്ക് പണം തിരികെ ലഭിക്കില്ല.

വളരെ പെട്ടെന്ന് തന്നെ സീറ്റുകള്‍ നിറയുമെന്നതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യുക. ഗംഭീരമായ കാഴ്ചകള്‍ ആസ്വദിച്ച് കേദാര്‍നാഥ് യാത്ര സുഖകരമാക്കാം.

Related Articles
Next Story
Share it