മുംബൈയിലേക്കും, ഔറംഗാബാദിലേക്കും റൂട്ടുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടകയുടെ ആഡംബര ട്രെയിന്‍ ദി ഗോള്‍ഡന്‍ ചാരിയറ്റ്
നിലവില്‍ ഗോവ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര നടത്തുന്നത്

കര്‍ണാടകയുടെ പ്രീമിയര്‍ ആഡംബര ട്രെയിനായ ദി ഗോള്‍ഡന്‍ ചാരിയറ്റ്, പരമ്പരാഗത റൂട്ടുകള്‍ക്കപ്പുറം പുതിയ യാത്രകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷനുമായി (കെഎസ്ടിഡിസി) സഹകരിച്ച് നടത്തുന്ന ഈ ട്രെയിന്‍, ദക്ഷിണേന്ത്യയിലുടനീളം ഒരു രാജകീയ യാത്രാനുഭവം പ്രദാനം ചെയ്യുന്നു. അജന്ത, എല്ലോറ ഗുഹകള്‍ പോലുള്ള പ്രശസ്തമായ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലേക്കും ഔറംഗാബാദിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബെംഗളൂരു-മുംബൈ ട്രെയിന്‍ സര്‍ക്യൂട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'പുതിയ മുംബൈ പാക്കേജില്‍, മൈസൂരു, ഹംപി എന്നിവ ഉള്‍പ്പെടുത്താനാണ് പദ്ധതി. അഞ്ച് രാത്രിയും ആറ് പകലും ദൈര്‍ഘ്യമുള്ള ഈ യാത്രാ പദ്ധതിയില്‍ ഗോവയെ ചേര്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്,' എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'ടൂര്‍, ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ വിനോദസഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന അതുല്യവും അത്ര അറിയപ്പെടാത്തതുമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി സര്‍ക്യൂട്ടുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രെയിന്‍ റൂട്ടുകളും ബസ് ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള ലോജിസ്റ്റിക്‌സ് പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമുള്ള സഹകരണം അത്യാവശ്യമാണ്. ഹോട്ടലുകളുമായും ട്രാവല്‍ ഏജന്‍സികളുമായും പങ്കാളിത്തം ആസൂത്രണം ചെയ്തിട്ടുണ്ട്,' എന്നും സ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍, ഗോള്‍ഡന്‍ ചാരിയറ്റ് കര്‍ണാടക, ഗോവ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് യാത്ര ബന്ധിപ്പിക്കുന്നു. ട്രെയിന്‍ പ്രൈഡ് ഓഫ് കര്‍ണാടക, ജുവല്‍സ് ഓഫ് സൗത്ത്, ഗ്ലിംപ്സസ് ഓഫ് കര്‍ണാടക എന്നീ മൂന്ന് യാത്രാ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു. നാല് മുതല്‍ ഏഴ് ദിവസം വരെയുള്ള യാത്രകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ദ്രാവിഡ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ട്രെയിനില്‍ ഒരു ആയുര്‍വേദ സ്പാ, രണ്ട് മികച്ച ഡൈനിംഗ് റെസ്റ്റോറന്റുകള്‍, സ്വകാര്യ ശുചിമുറികളുള്ള ഡീലക്‌സ് മരം ക്യാബിനുകള്‍, ഒരു ജിം, ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ട്. 18 കോച്ചുകളുള്ള ഈ ആഡംബര ട്രെയിനില്‍ 44 അതിഥി മുറികളുണ്ട്, ഏകദേശം 84 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിന്‍ എങ്ങനെ ബുക്ക് ചെയ്യാം
ഔദ്യോഗിക വെബ്സൈറ്റ് (www.goldenchariot.org) വഴിയോ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടൂറുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. യാത്രാ പരിപാടിയും ക്യാബിന്‍ തരവും അനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടും. ഇന്ത്യന്‍ പൗരന്മാര്‍ക്ക്, 'ഗ്ലിംപ്സ് ഓഫ് കര്‍ണാടക' യാത്രാ പരിപാടിക്ക് 2.65 ലക്ഷം രൂപ മുതലും 'പ്രൈഡ് ഓഫ് കര്‍ണാടക', 'ജ്യൂവല്‍സ് ഓഫ് സൗത്ത്' യാത്രകള്‍ക്ക് 3.98 ലക്ഷം രൂപ വരെയാണ് വില.
താമസം, ഭക്ഷണം, ഗൈഡഡ് കാഴ്ചകള്‍, സ്മാരകങ്ങളിലേക്കും പാര്‍ക്കുകളിലേക്കുമുള്ള പ്രവേശന ഫീസ് എന്നിവ ഉള്‍പ്പെടെ എല്ലാം ഉള്‍പ്പെടുത്തിയാണ് നിരക്ക്. എന്നിരുന്നാലും, വ്യക്തിഗത ചെലവുകള്‍, മദ്യം, സ്പാ ചികിത്സകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.

