ദുബായില്‍ ഇന്ത്യക്കാര്‍ക്കായി ഇനി യു.പി.ഐയും; ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ക്യാഷ്‌ലെസ് ഇടപാട്
യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇനി വിപുലമായ വ്യാപാരമുള്ള സ്ഥലങ്ങളില്‍ യു.പി.ഐ ഉപയോഗിക്കാം. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും (എന്‍ഐപിഎല്‍) പശ്ചിമേഷ്യയിലെ പേയ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡറായ മാഗ്‌നതിയും തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് പുതിയ മാറ്റം.
യുഎഇയിലെ മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളില്‍ ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്മെന്റുകള്‍ സുഗമമാക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കുന്ന ഈ പങ്കാളിത്തം ആദ്യം ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പ്രാപ്തമാക്കും. ഇത് പിന്നീട് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.
ഓരോ വര്‍ഷവും യുഎഇ സന്ദര്‍ശിക്കുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പുതിയ മാറ്റം ഏറെ സഹായകമാകും. 2023-ല്‍, ദുബായിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. 11.9 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയില്‍ നിന്ന് ദുബായിലെത്തിയത്. 6.7 മില്യണ്‍ യാത്രക്കാര്‍ സൗദി അറേബ്യയിലും 5.9 ദശലക്ഷം സന്ദര്‍ശകര്‍ യു.കെയിലും എത്തി.
ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ യുപിഐ പേയ്മെന്റുകള്‍ നിലവില്‍ സ്വീകാര്യമാണ്. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍പേ തുടങ്ങി 20-ലധികം ആപ്ലിക്കേഷനുകള്‍ അന്താരാഷ്ട്ര ഇടപാടുകള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു