ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് വിസാരഹിത യാത്ര!! പ്രഖ്യാപനം 2025ല്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: തായ്‌ലന്റ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ച് മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുണ്ട്. 2025 ല്‍ ഇന്ത്യക്കാര്‍ വിസാരഹിത യാത്രയ്ക്ക് റഷ്യ അനുമതി നല്‍കും.പ്രഖ്യാപനം 2025-ല്‍ ഉണ്ടാകാനാണ് സാധ്യത. വിസ നിയന്ത്രണങ്ങള്‍ പരസ്പരം ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാറിനെക്കുറിച്ച് റഷ്യയും ഇന്ത്യയും ചര്‍ച്ച ചെയ്തിരുന്നു.2023 ഓഗസ്റ്റ് മുതല്‍, റഷ്യയിലേക്കുള്ള ഇ-വിസയ്ക്ക് ഇന്ത്യക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസത്തോളമെടുക്കും. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഇ-വിസകളുടെ എണ്ണത്തില്‍ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും ഇടം നേടി. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 9,500 ഇ-വിസകള്‍ അനുവദിച്ചതയാണ് കണക്ക്.
നിലവില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് റഷ്യയില്‍ പ്രവേശിക്കാനും താമസിക്കാനും പുറത്തുകടക്കാനും റഷ്യന്‍ എംബസി/കോണ്‍സുലേറ്റ് നല്‍കുന്ന വിസ ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമം വളരെ നീണ്ടതാണ്. മിക്ക ഇന്ത്യന്‍ സഞ്ചാരികളും ബിസിനസ് അല്ലെങ്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിട്ടാണ് റഷ്യ സന്ദര്‍ശിക്കുന്നത്. 2023-ല്‍ 60,000 ഇന്ത്യക്കാര്‍ മോസ്‌കോ സന്ദര്‍ശിച്ചു, 2022 നെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്.ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് റഷ്യ നിലവില്‍ വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. നിലവില്‍ 62 രാജ്യങ്ങളിലേക്കുള്ള വിസ രഹിത യാത്രയുടെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ട്. 2024 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ 82-ാം സ്ഥാനത്താണ് ഇന്ത്യ.