വന്ദേഭാരത് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 7 റൂട്ടുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ

തിരക്കേറിയ റൂട്ടുകളിലേക്ക് 20 കോച്ചുകള്‍ കൂടി ചേര്‍ക്കും

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇപ്പോള്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരാണ് കൂടുതലും. വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും എന്നതുകൊണ്ടാണ് പലരും വന്ദേഭാരതിനെ ആശ്രയിക്കുന്നത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരതില്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും സുഖകരമായ യാത്ര ആസ്വദിക്കാം എന്നതാണ് യാത്രക്കാരെ സ്വാധീനിക്കുന്നത്.

കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായതോടെ ടിക്കറ്റ് കിട്ടാന്‍ പലരും ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്‌നം പലരും മുന്നോട്ടുവച്ചതോടെ പരിഹാരവുമായെത്തിയിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്. ഇന്ത്യന്‍ റെയില്‍വേ നിലവില്‍ 144 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നത്. ഈ ട്രെയിനുകളിലെല്ലാം ഒട്ടേറെ യാത്രക്കാരും ഉണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 102.01 ശതമാനവും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ (2025 ജൂണ്‍ വരെ) 105.03 ശതമാനവുമാണ് യാത്രക്കാരുടെ എണ്ണം.

യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വന്ദേ ഭാരത് ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍. ഇതനുസരിച്ച് ഏഴ് തിരക്കേറിയ റൂട്ടുകളിലേക്ക് 20 കോച്ചുകള്‍ കൂടി ചേര്‍ക്കും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്മോര്‍-തിരുനെല്‍വേലി, മധുര-ബെംഗളൂരു കാന്റ്, ദിയോഘര്‍-വാരണാസി, ഹൗറ-റൂര്‍ക്കല, ഇന്‍ഡോര്‍-നാഗ്പൂര്‍ എന്നിവയാണ് അധിക കോച്ചുകള്‍ അവതരിപ്പിക്കുന്ന ഏഴ് റൂട്ടുകള്‍.

2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്യുക. ഇത് അനുസരിച്ച് മാംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍, സെക്കന്തരാബാദ് - തിരുപ്പതി, ചെന്നൈ എഗ്മോര്‍ - തിരുനെല്‍വേലി റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകള്‍ 16 കോച്ചുകളില്‍ നിന്ന് 20 കോച്ചുകളിലേക്ക് അപ്‌ഗ്രേഡ് ആകും.

നിലവില്‍ 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മാണത്തിലാണ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ഏകദേശം 50 സ്ലീപ്പര്‍ റേക്കുകള്‍ കൂടി നിര്‍മ്മിക്കാനുള്ള ദൗത്യത്തിലാണ്. കൂടാതെ, 200 സ്ലീപ്പര്‍ റേക്കുകള്‍ കൂടി നിര്‍മ്മിക്കുന്നതിനുള്ള കരാറുകള്‍ നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിലെ ബിക്കാനീര്‍ അതിന്റെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റെയില്‍വെ അറിയിച്ചു. ബിക്കാനീറിനെ ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഈ അതിവേഗ സെമി-ലക്ഷ്വറി ട്രെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കും. ബിക്കാനീര്‍ എംപിയും കേന്ദ്ര നിയമ-നീതി സഹമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ് വാള്‍ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles
Next Story
Share it