കുളത്തിന്റെ നടുവിലൂടെ പോകണമെന്ന് ഗൂഗിള്‍ മാപ്പ്; വൈറലായി വീഡിയോ

ഡല്‍ഹി: ഇന്നത്തെ കാലത്ത് പലരും യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്. വഴി അറിയാതെ നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും മാപ്പ് സഹായിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ പണി കൊടുക്കുകയും ചെയ്യാറുണ്ട്. ആളുകളുടെ ജീവന് തന്നെ ഭീഷണിയാകാറുള്ള സംഭവങ്ങളും നടന്നിട്ടുണ്ട്.

പലര്‍ക്കും ഒരു ധാരണയുണ്ട്. ഗൂഗിള്‍ മാപ്പ് ഉള്ളത് കൊണ്ട് അതിന്റെ സഹായത്തോടെ എവിടേക്കും തനിച്ച് പോകാം എന്ന്. എന്നാല്‍ അത്തരം വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് പലരും പങ്കുവയ്ക്കുന്ന വാര്‍ത്തകളില്‍ നിന്നും വീഡിയോകളില്‍ നിന്നും ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പിനോടുള്ള വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

ഗൂഗിള്‍ മാപ്പ് നല്‍കിയ വഴിയിലൂടെ രാത്രി കാലങ്ങളിലും മറ്റും സഞ്ചരിച്ച് ജലാശയങ്ങളില്‍ വാഹനം വീണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവങ്ങള്‍ വരെ പല സ്ഥലങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള നാവിഗേഷന്‍ ആപ്പുകളെ പൂര്‍ണമായി വിശ്വസിക്കരുതെന്നും അത് ഉപയോഗപ്പെടുത്തുമ്പോള്‍ സമാന്തരമായി മറ്റ് തരത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

ഇത് ഉറപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നത്. ബക്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് ഗൂഗിള്‍ മാപ്പ് കാണിച്ചു കൊടുത്ത നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നതിന്റ അനുഭവമാണ് യുവാവ് വീഡിയോയില്‍ പകര്‍ത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറിലൂടെ മുന്നോട്ട് പോയി ഒടുവില്‍ ഒരു വലിയ കുളത്തിന്റെ കരയില്‍ വാഹനം ചെന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഫോണില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുക്കുന്ന വഴിയും വീഡിയോയില്‍ കാണുന്നുണ്ട്. ഹൈവേയില്‍ നിന്ന് മാറി, ഒരു ചെറിയ റോഡിലേക്ക് നയിച്ചു, പിന്നീട് ടാര്‍ ചെയ്യാത്ത റോഡിലൂടെ ഏറെ മുന്നോട്ട് പോയി. ഒടുവില്‍ ഒരു കുളത്തിന്റെ കരയിലെത്തി. നീല നിറത്തില്‍ ജലാശയം മാപ്പില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം കുളത്തിന്റെ മദ്ധ്യഭാഗത്ത് കൂടി വാഹനം ഓടിച്ച് പോകാനുള്ള വഴിയും മാപ്പിലുണ്ട്. ഇവിടെ പാലമോ മറ്റ് സംവിധാനങ്ങളോ ഇല്ല. എന്നാല്‍ കുളത്തിന്റെ അരികില്‍ വരെ എത്തി വാഹനം നിര്‍ത്തിയ ഡ്രൈവര്‍ക്ക് മുന്നോട്ട് തന്നെ പോകാന്‍ ഗൂഗിള്‍ മാപ്പ് വഴി കാണിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വലിയ തോതില്‍ ആളുകളുടെ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ടിപ്പുകളും ആളുകള്‍ വീഡിയോയ്ക്ക് താഴെ നല്‍കുന്നുണ്ട്. ഒപ്പം പകല്‍ സമയത്തായതിനാലാണ് ഇത്ര വ്യക്തമായി ജലാശയം കാണാനായതെന്നും രാത്രിയാണ് മാപ്പ് പിന്തുടര്‍ന്ന് വാഹനവുമായി വന്നിരുന്നതെങ്കില്‍ വലിയ ദുരന്തത്തില്‍ അവസാനിച്ചേനെ എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.

Related Articles
Next Story
Share it