ആദ്യ ഡ്രൈവറില്ലാ മെട്രോ ബംഗളൂരുവില്‍ ഓടും: വഴി കാട്ടാന്‍ യെല്ലോ ലൈന്‍

ബെംഗളൂരു:ഐ.ടി നഗരമായ ബംഗളൂരുവില്‍ പൊതുഗതാഗത പരിഷ്‌കരണം ഏറെ അനിവാര്യമായ ഘട്ടത്തില്‍ യെല്ലോ ലൈന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഏറെ ആശ്വാസകരമാവാന്‍ പോവുകയാണ്. രാജ്യത്തെ തന്നെ ആദ്യ ഡ്രൈവറില്ലാ മെട്രോയ്ക്ക് വഴികാട്ടാനൊരുങ്ങുകയാണ് 19 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ പാത. ഡ്രൈവറില്ലാ മെട്രോ ട്രെയിന് അംഗീകാരം കിട്ടിയതോടെ പൊതുഗതാഗതം മെച്ചപ്പെടും.

ബൊമ്മസാന്ദ്രയ്ക്കും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ഏരിയയ്ക്കും ഇടയിലാണ് യെല്ലോ ലൈന്‍ നിലകൊള്ളുന്നത്. 19 കിലോ മീറ്ററില്‍ 16 സ്റ്റേഷനുകളാണുള്ളത്.ആര്‍.വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തേണ്ട യെല്ലോ ലൈനിനായുള്ള ഡ്രൈവറില്ലാ ട്രെയിനിന്റെ നിയമപരമായ പരിശോധന മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പൂര്‍ത്തിയാക്കിയിരുന്നു. ആറ് കോച്ചുകള്‍ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ചൈനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എത്തിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം റോളിംഗ് സ്റ്റോക്കും സിഗ്‌നല്‍ പരിശോധനകളും അംഗീകരിച്ചാല്‍ നമ്മ മെട്രോ ഏപ്രിലില്‍ നാല് ട്രെയിനുകള്‍ ഉള്‍പ്പെടുന്ന യെല്ലോ ലൈന്‍ തുറന്നേക്കും.

ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉള്‍പ്പെടെ 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സി.ആര്‍.ആര്‍.സി നാന്‍ജിംഗ് പുഷെന്‍ കമ്പനി ലിമിറ്റഡാണ് നേടിയത്. സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്ത പരിശോധനകള്‍ നടത്തും. കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പരിശോധനകള്‍ ഉള്‍പ്പെടെ 37-ഓളം പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ട്രാക്കുകളിലെ പ്രകടനം ഉറപ്പാക്കുന്നതിനായി മെയിന്‍ലൈന്‍ പരിശോധനയുണ്ടാകും. സിഗ്‌നലിംഗ്, ടെലികോം, പവര്‍ സപ്ലൈ സിസ്റ്റങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കണം.യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും. പരീക്ഷണ പ്രക്രിയ നാല് മാസം നീണ്ടുനില്‍ക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it