'ഭൂമിയിലെ പറുദീസ'യിലേക്ക് ഇനി ഏഴ് മണിക്കൂര്‍ ലാഭിക്കാം.. ഡല്‍ഹി- ശ്രീനഗര്‍ വന്ദേ ഭാരത് സര്‍വീസ് ജനുവരിയില്‍
ഏറ്റവും ഉയരത്തിലുള്ള ചെനാബ് റെയില്‍വെ പാലത്തിലൂടെയുള്ള യാത്ര ഹൃദ്യമാകും
'ഭൂമിയിലെ സ്വര്‍ഗം' , 'ഭൂമിയിലെ പറുദീസ' എന്നൊക്കെ വിശേഷണമുള്ള കശ്മീര്‍ താഴ്‌വരയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമായിരിക്കും. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം കടന്നുള്ള യാത്ര. മലനിരകളും താഴ്‌വരകളും ആപ്പിള്‍ തോട്ടങ്ങളും പൈന്‍ മരങ്ങളും നിങ്ങളുടെ തൊട്ടടുത്ത് കാണാം. യാത്രാ അനുഭവം ഹൃദ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത് . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡല്‍ഹി- കശ്മീര്‍ വന്ദേ ഭാരത് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. സര്‍വീസ് ആരംഭിക്കുന്നതോടെ നിലവില്‍ ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്ക്20 മണിക്കൂര്‍ വേണ്ട യാത്രാസമയം 13 മണിക്കൂറായി ചുരുങ്ങും.11 എസി ത്രീ ടയര്‍ കോച്ചുകള്‍, നാല് എസി ടു ടയര്‍ കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയാകും കശ്മീര്‍ വന്ദേ ഭാരതിനുണ്ടാവുക.
ചെനാബ് റെയില്‍വേ പാലം
ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്കില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിവേഗം തുടരുകയാണ്. ഒപ്പം കത്രയ്ക്കും റിയാസിക്കുമിടയിലും പണികള്‍ തുടരുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ.
കശ്മീര്‍
പുതിയ പാത ആരംഭിച്ചാല്‍ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ നിലക്കുന്ന ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചാല്‍ ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്കുള്ള ചരക്ക് നീക്കവും സുഗമമാകും. കശ്മീര്‍ ജനതക്ക് അതിവേഗം ഉല്‍പ്പന്നങ്ങള്‍ ഡല്‍ഹിയിലേക്കും എത്തിക്കാം. 1500നും 2100 നും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക് . ജമ്മു, മാതാ വൈഷ്‌ണോ ദേവി എന്നിവിടങ്ങളിലും സ്‌റ്റോപ്പ് ഉണ്ടാകും.