ബിയര്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കരീബിയന്‍ ദ്വീപില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് കൊറോണ

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് അതിമനോഹരമായ ഇക്കോ-ടൂറിസം എക്‌സ്പീരിയന്‍സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ബിയര്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കരീബിയന്‍ ദ്വീപില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് കൊറോണ. 2021ല്‍ ലോഞ്ച് ചെയ്ത കൊറോണ ദ്വീപ് പ്രൈവറ്റ് ഗസ്റ്റുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഇതുവരെ തുറന്നിരുന്നത്. ഇപ്പോള്‍ കൊളംബിയയിലെ റൊസാരിയോ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേയ്ക്ക് പൊതുജനങ്ങളെ മുഴുവന്‍ സ്വാഗതം ചെയ്യുകയാണ് കൊറോണ. ലോകത്തിലെ ഏറ്റവും വിലയുള്ള ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് കൊറോണ.

മുമ്പ് പ്രൈവറ്റ് ഗസ്റ്റുകള്‍ക്ക് മാത്രം റിസര്‍വ് ചെയ്തിരുന്ന ഈ ദ്വീപ് ഇപ്പോള്‍ എയര്‍ബിന്‍ എന്‍ബി, എക്‌സ്പീഡിയ, ബുക്കിംഗ്.കോം തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ വഴി ബുക്ക് ചെയ്യാന്‍ കഴിയും. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് അതിമനോഹരമായ ഇക്കോ-ടൂറിസം എക്‌സ്പീരിയന്‍സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കാര്‍ട്ടജീനയില്‍ നിന്ന് ബോട്ടില്‍ 45 മിനിറ്റ് സഞ്ചരിച്ച് വേണം ഇവിടെ എത്താന്‍. ആഡംബരത്തിന് ഒട്ടും കുറവില്ലാത്ത രീതിയിലാണ് ദ്വീപ് സജ്ജീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം, നേച്ചര്‍ ടൂറിസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടൂറിസത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ദ്വീപിന്റെ ലക്ഷ്യം. കണ്ടല്‍ക്കാടുകള്‍ നടല്‍, യോഗ സെഷനുകള്‍, കയാക്കിംഗ്, സ്റ്റാന്‍ഡ്-അപ്പ് പാഡില്‍ ബോര്‍ഡിംഗ് എന്നിവയില്‍ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയിലൂടെ പ്രാദേശിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് സന്ദര്‍ശകര്‍ തന്നെ സംഭാവന നല്‍കുന്നു. ഇതുവഴി പരിസ്ഥിതി അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യവുമുണ്ട്.

ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി പത്ത് പ്രീമിയം വാട്ടര്‍ഫ്രണ്ട് ബംഗ്ലാവുകളാണ് തയ്യാറായിട്ടുള്ളത്. ഓരോ ബംഗ്ലാവിനും അതിന്റെതായ ജക്കൂസിയും ഉണ്ട്. കൂടാതെ, സമൃദ്ധമായ ഉഷ്ണമേഖല വനങ്ങളും ഇതുവരെ ആരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ബീച്ചുകളും കൊറോണ ദ്വീപിന്റേതായിട്ടുണ്ട്.

ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് 50,000 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. സുസ്ഥിരതയ്ക്കും ഐക്യത്തിനുമുള്ള കൊറോണ ബ്രാന്‍ഡിന്റെ ഒരു ചുവടുവയ്പു കൂടിയാണ് ഈ സംരംഭം. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതി സംരക്ഷണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്നത് കൂടിയാണ്.

ഓഷ്യാനിക് ഗ്ലോബലിന്റെ ത്രീ-സ്റ്റാര്‍ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ കൊറോണ ദ്വീപ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഇല്ലാത്ത ആദ്യത്തെ ആഗോള അംഗീകൃത ദ്വീപ് എന്ന വിശേഷണവും സ്വന്തമാക്കി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ സംവിധാനങ്ങള്‍, തദ്ദേശീയമായ സസ്യജാലങ്ങള്‍, പരമ്പരാഗതമായ ആര്‍ക്കിടെക്ചര്‍ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നു എന്ന സന്ദേശമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്.

കൊറോണ ദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ രണ്ട് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഒന്ന് ഒരു ഡേ പാസ്, അല്ലെങ്കില്‍ രാത്രിയിലെ താമസ സൗകര്യം. ഡേ പാസുകള്‍ക്ക് ഏകദേശം COP 672,269 (ഏകദേശം 13,870 രൂപ) ചിലവാകും. കാര്‍ട്ടജീനയില്‍ നിന്നുള്ള റൗണ്ട് ട്രിപ്പ് ബോട്ട് യാത്രയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രൈവറ്റ് കടല്‍ത്തീര ബംഗ്ലാവുകളില്‍ രണ്ട് പേര്‍ക്ക് രാത്രി താമസം COP 2,016,000 (ഏകദേശം 41,596 രൂപ) മുതല്‍ ആരംഭിക്കുന്നു.

ഈ പാക്കേജുകളില്‍ പാസ് സൗകര്യങ്ങള്‍, ദൈനംദിന ഭക്ഷണം, സ്പാ ആക്സസ്, സ്നോര്‍ക്കലിംഗ് ഉപകരണങ്ങള്‍, ഇക്കോ-ടൂറിസം ആക്ടിവിറ്റീസ് എന്നിവ ഉള്‍പ്പെടുന്നു. പ്രാദേശികമായ ചേരുവകളും നാടന്‍ പഴങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ബേക്ക് ചെയ്ത വിഭവങ്ങളുമാണ് ദ്വീപിലെ പ്രധാന ഭക്ഷണങ്ങള്‍.

പ്രാദേശികമായ വിഭവങ്ങള്‍ ചേര്‍ത്ത ഭക്ഷണമായിരിക്കും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുക. കൂടാതെ, വ്യത്യസ്തമായ കൊറോണ ഉല്‍പന്നങ്ങള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. കൊറോണ എക്‌സ്ട്രാ, കൊറോണ സെറോ എന്നിവയുള്‍പ്പെടെയുള്ള കൊറോണ ഉല്‍പന്നങ്ങള്‍ അതിഥികള്‍ക്ക് ലഭിക്കും.

കൊറോണ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബിയറിനൊപ്പം അതിഥികള്‍ക്ക് ഇവിടുത്തെ രുചികള്‍ ആസ്വദിക്കാം. അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ കമ്പനിയായ ജെയിംസ് & മൗ, കൊളംബിയന്‍ ആര്‍ക്കിടെക്ടായ ജെയ്റോ മാര്‍ക്വേസുമായി സഹകരിച്ചാണ് ദ്വീപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ബഹാരെക് പോലുള്ള പരമ്പരാഗത നിര്‍മാണ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു.

Related Articles
Next Story
Share it